
വിഴിഞ്ഞം: ക്ഷേത്ര സന്ദർശനത്തിനെത്തിയ ഉത്തരേന്ത്യൻ സഞ്ചാരികൾ പറത്തിയ ഡ്രോൺ ആലിന് മുകളിൽ കുടുങ്ങി. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് എത്തി വലവിരിച്ച് ഡ്രോൺ താഴെയിറക്കി. ഇന്നലെ വൈകിട്ട് നാലോടെ ആഴിമല ക്ഷേത്രമുറ്റത്തെ ആൽമരത്തിലാണ് ആസാം സ്വദേശി സംഗീതയുടെ തൊണ്ണൂറായിരം രൂപ വിലയുള്ള ഡ്രോൺ കുടുങ്ങിയത്. ഒടുവിൽ ഫയർഫോഴ്സിന്റെ സഹായം തേടി. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ അജയ്, അസി.സ്റ്റേഷൻ ഓഫീസർ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. ഫയർമാൻ ഷിജു മരത്തിൽ ഏറെ സാഹസപ്പെട്ട് കയറി ഡ്രോണിനെ താഴെ വിരിച്ചിരുന്ന വലയിലേക്ക് തള്ളിയിട്ടു. ഫയർമാന്മാരായ ഷിബി, ജിനേഷ്, രാജേഷ്, ഹോംഗാർഡ് സജികുമാർ, ഡ്രൈവർ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് ഡ്രോൺ വീണ്ടെടുത്തത്.