
തിരുവനന്തപുരം: പൂജപ്പുരയെ സ്വന്തം പേരിനോടു ചേർത്ത് മലയാളികളുടെ മനസിൽ ഇടംപിടിച്ച നടൻ പൂജപ്പുര രവി ഇനി പൂജപ്പുരയിലുണ്ടാവില്ല. പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചുവളർന്ന കുടുംബവീടിനു സമീപം 40 വർഷം മുൻപ് നിർമ്മിച്ച വീട്ടിൽ നിന്നാണ് മൂന്നാർ മറയൂരിലേക്ക് മകൾ ലക്ഷ്‌മിയുടെ കുടുംബത്തോടൊപ്പം അദ്ദേഹം പോകുന്നത്.
മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രൻ നായരെന്ന പൂജപ്പുര രവി. വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം. പിന്നീട് ജഗതി എൻ.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിദ്ധ്യമായി. പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരികുമാർ അയർലൻഡിലേക്ക് പോകുന്നതിനാലാണ് ജനിച്ചുവളർന്ന നാടും വീടും വിട്ട് അദ്ദേഹം ഇടുക്കിയിലേക്ക് ചേക്കേറുന്നത്. ഭാര്യ തങ്കമ്മ ആറുവർഷം മുൻപ് മരിച്ചു.വീട്ടിൽ തനിച്ചാക്കാൻ മക്കൾക്കും താത്പര്യമില്ല. അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേംകുമാർ വീട്ടിലെത്തി. സിനിമയിൽ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലെ വേഷമാണ്. 2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.