തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തെക്കേനടയിൽ വൈകുണ്ഠം കല്യാണ മണ്ഡപത്തിൽ നടക്കുന്ന 38-ാമത് അഖില ഭാരത ശ്രീമദ് ഭാ​ഗവത മഹാ സത്രത്തിൽ തിരക്കേറുന്നു. ഭാഗവത പാരായണം ശ്രവിക്കുന്നതിനുൾപ്പെടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ആയിരങ്ങളാണ് ദിവസേന എത്തുന്നത്. ഇന്നലെ സ്വിറ്റ്സർലൻഡിലെ സിനിമാവ്യവസായ രം​ഗത്തെ പ്രമുഖനായ റിയൽ ഉൾപ്പെടെ വിദേശ പ്രതിനിധികൾ എത്തിയിരുന്നു.

ഋഷഭ ചരിതം എന്ന വിഷയത്തിൽ പാലക്കാട് നല്ലേപ്പള്ളി നാരായണാശ്രമത്തിലെ സ്വാമി സന്മയാനന്ദ സരസ്വതി ഇന്നലെ പ്രഭാഷണം നടത്തി. മുൻ ശബരിമല മേൽശാന്തി വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ​ഗണപതി ഹോമത്തോടെയാണ് ഇന്നലെ ചടങ്ങുകൾ തുടങ്ങിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതൽ ഒരുമണിക്കൂർ വിവിധ നാരായണീയ സമിതികളുടെ നേതൃത്വത്തിൽ നാരായണീയ പാരായണവുമുണ്ടാകും.