തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ കേരളകൗമുദി വർക്കല ലേഖകനെയും ഭാര്യയെയും ആക്രമിച്ചയാളെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക് 2.30ന് ശിവഗിരിയിൽവച്ചാണ് കേരളകൗമുദി വർക്കല ലേഖകനായ സജീവ് ഗോപാലനും ഭാര്യ ദീപയ്‌ക്കും നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ പ്രതി വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി ഷിനു വി. കൃഷ്‌ണയെ റിമാൻഡ് ചെയ്‌തു.

ശിവഗിരിയിലെത്തിയ സജീവിനെയും ദീപയെയും പ്രതി ഷിനു തടഞ്ഞുനിറുത്തി അസഭ്യം പറഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച സജീവിനെ പ്രതി കൈയിൽ കരുതിയിരുന്ന പാറക്കല്ല് ഉപയോഗിച്ച് മുഖത്തും കൈയിലും ശക്തിയായി ഇടിച്ചു. പിടിച്ചുമാറ്റാൻ വന്ന ദീപയെ പ്രതി പാറക്കല്ല് ഉപയോഗിച്ച് മർദ്ദിക്കുകയും തറയിൽ ചവിട്ടിയിടുകയുമായിരുന്നു. തറയിൽ വീണിട്ടും ദീപയെ പ്രതി മർദ്ദിച്ചു. അവശനിലയിലായശേഷവും സജീവിനെതിരെ പ്രതി ആക്രമണം തുടർന്നു.

ആളുകൾ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവിനെയും ഭാര്യ ദീപയെയും ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്‌ക്കായി വർക്കല ശിവഗിരി മിഷൻ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വർക്കല ഡിവൈ.എസ്.പി നിയാസ് പറഞ്ഞു.