
#ഉപഹാരം സമ്മാനിച്ച് ഷംസീർ
തിരുവനന്തപുരം :സ്‌പീക്കറായതോടെ എ.എൻ.ഷംസീർ ആളാകെ മാറിയെന്നും ,ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാനായെന്നും, അത് നിലനിറുത്തണമെന്നും എ.കെ.ആന്റണി. ഷംസീർ സ്‌പീക്കറായതിന് ശേഷം ആദ്യമായി കാണാനെത്തിയപ്പോഴായിരുന്നു ആന്റണിയുടെ അഭിനന്ദനം.
പ്രതിപക്ഷത്തിരുന്നപ്പോൾ ഷംസീർ രോഷാകുലനായിരുന്നു. അതിനാൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഇപ്പോൾ അങ്ങനയെല്ല, പൊതു സ്വീകാര്യനായി. മൂന്ന് വനിതകളെ സ്‌പീക്കർ പാനലിൽ ഉൾപ്പെടുത്തിയത് മാതൃകാ നടപടിയാണെന്നും ആന്റണി പറഞ്ഞു.
നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ബുക്ക് ഫെയറിലേക്ക് ആന്റണിയെ ക്ഷണിക്കാൻ കൂടിയാണ് സ്‌പീക്കർ എത്തിയത്. പൊതുപരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിട്ടില്ലെന്നും അനുകൂല സാഹചര്യമുണ്ടായാൽ തീർച്ചയായും പങ്കെടുക്കാമെന്നും ആന്റണി അറിയിച്ചതായി സ്പീക്കർ പറഞ്ഞു. വഴുതക്കാടുള്ള ആന്റണിയുടെ വസതിയായ അഞ്ജനത്തിലെത്തിയാണ് സ്പീക്കർ കണ്ടത്. ആന്റണിക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു.