തിരുവനന്തപുരം: ഇരുപത്തി ഏഴാമത് ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് ഡെലിഗേറ്റുകളുടെ കൂവൽ.സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എണീറ്റപ്പോഴായിരന്നു കൂവൽ മുഴങ്ങിയത്. സിനിമ സ്റ്റൈൽ ഡയലോഗിലൂടെയായിരുന്നു അതിന് രഞ്ജിത്തിന്റെ മറുപടി. 'തിരുവനന്തപുരത്തെ ഒരു മാദ്ധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു, നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം.ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവൽ ഒന്നും പുത്തരിയല്ല. 1976-ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം.അതുകൊണ്ട് ഇതൊന്നും ഒരു വിഷയമല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്ര പ്രേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം', എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദർശനത്തിന് റിസർവ് ചെയ്തവർക്കുപോലും പ്രവേശനം നിഷേധിച്ചപ്പോൾ ഡെലിഗേറ്റുകൾ പ്രതിഷേധം ഉയർത്തിയിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിംഗിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.