
തിരുവനന്തുപരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നേടിയ ഇറാൻ സംവിധായിക മെഹ്‌നാസ് മുഹമ്മദി പുരസ്കാരത്തുക കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. അഞ്ച് ലക്ഷം രൂപയായിരുന്നു പുരസ്കാരത്തുക. ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലനാണ് ഇതു സംബന്ധിച്ച സന്ദേശം അവർ അയച്ചത്.
ഇറാനിൽ ഹിജാബ് വിരുദ്ധ സമരത്തിലുൾപ്പെടെ പങ്കെടുത്തതിന്റെ പേരിൽ രാജ്യം വിട്ടു പോകേണ്ടി വന്ന മെഹ്‌നാസ് മേളയ്ക്ക് എത്തിയിരുന്നില്ല. ഇറാൻ സർക്കാരിനോടുള്ള തന്റെ പ്രതിഷേധം അറിയിക്കാനായി മുടി മുറിച്ച് ഗ്രീക്ക് സംവിധായിക അഥീനയുടെ പക്കൽ കൊടുത്തുവിടുകയായിരുന്നു അവർ.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്നതായി സദസിനെ അറിയിച്ചു. എം.മുകുന്ദൻ മുഖ്യാതിഥിയായി വേദിയിലുണ്ടായിരുന്നു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ വി.കെ പ്രശാന്ത് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു.
.