ഉദയനിധി സ്റ്റാലിൻ അഭിനയം നിർത്തി

ഉദയനിധി സ്റ്റാലിനും ഭാര്യ കൃതികയും
മക്കൾ രാഷ്ട്രീയത്തിന്റെ" ഏറ്റവും പുതിയ അദ്ധ്യായമാണ് ഉദയനിധി സ്റ്റാലിന്റെ പട്ടാഭിഷേകം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് യുവജന ക്ഷേമ, കായിക വകുപ്പുമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2019 തൊട്ട് ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്നു ഉദയനിധി. 2021ൽ നിയമസഭയിലെത്തുന്നതിന് മുമ്പ് വരെ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ തോറ്റ സ്റ്റാലിന്റെ വിധിയായിരുന്നില്ല 'ചിന്നവരെ"കാത്തിരുന്നത്. മുത്തച്ഛൻ കരുണാനിധിയുടെ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങിയ ഉദയനിധി റെക്കാർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലെത്തിയത്.
തിരഞ്ഞെടുപ്പിൽ ഡി.എം.കെ വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ തന്നെ 'ചിന്നവരെ" മന്ത്രിയാക്കണമെന്ന ആവശ്യം പല കോണിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ തുടക്കത്തിലെ കുടുംബവാഴ്ച എന്ന ദുഷ്പേര് ഉണ്ടാകാതിരിക്കാൻ മകന്റെ പട്ടാഭിഷേകം സ്റ്റാലിൻ വൈകിപ്പിക്കുകയായിരുന്നു.
ഉദയനിധിയുടെ മന്ത്രിപദത്തിലേക്കുള്ള കരുക്കൾ നീക്കിയത് അമ്മ ദുർഗയാണെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയത്തിൽ പച്ചപിടിക്കാൻ ഭർത്താവിന് 50-60 വയസുവരെ കാത്തിരിക്കേണ്ടിവന്നു. എന്നാൽ മകന് ആ അവസ്ഥ ഉണ്ടാകരുതെന്ന ദുർഗയുടെ നിർബന്ധമാണ് സ്റ്റാലിൻ തീരുമാനം മാറ്റാൻ കാരണമായതെന്നാണ് വിവരം.
ചിന്നവരുടെ സത്യപ്രതിജ്ഞയ്ക്കും പ്രത്യേകതകളുണ്ടായിരുന്നു. തമിഴ് ജനതയ്ക്ക് ഏറെ പ്രധാനപ്പെട്ട കാർത്തികൈയിലെ അവസാന ദിവസമായ ഡിസംബർ പതിനാലിനെ രാവിലെ ഒൻപതേകാലിനും പത്തേ കാലിനും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിലായിരുന്നു സ്ഥാനാരോഹണം. സ്റ്റാലിൻ നിരീശ്വരവാദിയാണെങ്കിലും അമ്മ ദുർഗ കടുത്ത ദൈവവിശ്വാസിയാണ്. ഇതായിരിക്കാം സത്യപ്രതിജ്ഞ ഈ ദിവസം നടക്കാൻ നിമിത്തമായതെന്നാണ് വിവരം.
ഉദയനിധിയുടെ സ്ഥാനാരോഹണത്തോടെ തന്റെ പിൻഗാമിയെ പ്രഖ്യാപിക്കുക കൂടിയാണ് സ്റ്റാലിൻ ചെയ്തതെന്ന് വേണം അനുമാനിക്കാൻ. സ്റ്റാലിൻ പ്രതീക്ഷിച്ചതുപോലെ തന്നെ 'ചിന്നവർ" മന്ത്രിക്കസേരയിൽ എത്തിയതിന് പിന്നാലെ ഡി.എം.കെയിൽ കുടുംബവാഴ്ചയെന്ന ആരോപണവുമായി എ.ഐ.എ.ഡി.എം.കെ രംഗത്തെത്തുകയും ചെയ്തു.
മന്ത്രിയാകാൻ താൻ യോഗ്യനാണെന്ന് പ്രവർത്തിച്ച് കാണിക്കുമെന്നും, കുറച്ച് സമയം തരൂവെന്നുമാണ് കുടുംബാധിപത്യമെന്ന വിമർശനങ്ങളോടുള്ള 'ചിന്നവരുടെ" പ്രതികരണം. തമിഴ്നാടിനെ രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇനി സിനിമയിൽ അഭിനയിക്കില്ലെന്നും കമലഹാസൻ ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്നും ഡി.എം.കെയുടെ ചിന്നവർ പ്രഖ്യാപിച്ചുകഴിഞ്ഞു.
'രാഷ്ട്രീയം കണ്ട് വളർന്നവനാണ്. സിനിമയിലായതുകൊണ്ട് ഒതുങ്ങിനിന്നവനാ. പാർട്ടിക്കായി വരണമെങ്കിൽ ഞാൻ വരും. പദവിക്കായിട്ടാണെങ്കിൽ വരില്ല."പണ്ടൊരിക്കൽ ജനങ്ങളോട് ഉദയനിധി പറഞ്ഞവാക്കുകളാണിത്. ഈ വാക്കുകൾ ജനങ്ങൾ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തു.
പ്രളയ സമയത്ത് ജനങ്ങളിലേക്ക് ഓടിയെത്തി അവരെ ചേർത്തുപിടിച്ച നേതാവാണ് ഉദയനിധി. സിനിമാ തിരക്കുകൾക്കിടയിലും സ്വന്തം മണ്ഡലത്തെ മറക്കാതെ എം.എൽ.എ പണി കൃത്യമായി ചെയ്തു.
ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി ദ്രാവിഡ രാഷ്ട്രത്തിന്റെ പാരമ്പര്യം ഓർമിപ്പിച്ചുകൊണ്ടും കലൈഞ്ജരുടെ കൊച്ചുമകൻ ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരനായി.
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു നേരത്തെ ഉദയനിധി പറഞ്ഞുകൊണ്ടിരുന്നത്. സിനിമയായിരുന്നു ഉയിർ. നടനായും നിർമ്മാതാവായും തിളങ്ങി. 2008ൽ റെഡ് ജൈന്റ് മൂവീസ് പ്രൊഡക്ഷൻ എന്ന പേരിൽ നിർമ്മാണ കമ്പനി സ്ഥാപിച്ചു. വിജയ്യുടെ
'കുരുവി" എന്ന ഹിറ്റ് ചിത്രം നിർമ്മിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തി. സൂര്യയുടെ ആദവൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തി. നായകനായും ഉദയനിധി ബിഗ്സ്ക്രീനിൽ തിളങ്ങി.മാമന്നനാണ് അവസാന ചിത്രം.
സിനിമയെ അത്രയേറെ സ്നേഹിച്ച ആ മനുഷ്യൻ, ഇനി രാഷ്ട്രീയക്കാരൻ മാത്രമായിരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഭാവി മുഖ്യമന്ത്രിയുടെ സജീവ രാഷ്ട്രീയത്തിന്റെ തുടക്കമാണിതെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.
കൃതികയാണ് ഉദയനിധിയുടെ ജീവിതപങ്കാളി. 2002ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. കൃതികയ്ക്ക് ഫാഷനോടും സിനിമയോടുമൊക്കെ താത്പര്യമുണ്ട്. പേപ്പർ റോക്കറ്റ് എന്ന വെബ്സീരിസിന്റെ സംവിധായികയാണ് ഈ മന്ത്രിപത്നി.