
ശ്രീനാരായണ ഗുരുദേവ - മഹാകവി ടാഗോർ സംഗമത്തിന്റെ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് എന്റെ ശിവഗിരി സന്ദർശനം ശ്രേഷ്ഠമായ ഒരു തീർത്ഥാടനമായിരുന്നു.
വിശ്വഭാരതി സർവകലാശാലയുടെ വികസനത്തിന് വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് മഹാകവി ടാഗോർ തിരുവിതാംകൂർ രാജകൊട്ടാരത്തിലെത്തുന്നത് . തിരുവിതാംകൂറിലെത്തിയപ്പോഴാണ് രാജകുടുംബത്തേക്കാൾ പ്രശസ്തനായ ശ്രീനാരായണ ഗുരുവിനെയും ശിവഗിരിയേയും കുറിച്ച് കേൾക്കുന്നത്. ഗുരുവിനെ സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വർക്കലയിലേക്ക് പോകാനുള്ള ഏർപ്പാടുകൾ സംഘാടകർ ഒരുക്കി. നവംബർ 15ന് നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി കാറിൽ മഹാകവിയും സി.എഫ്. ആൻഡ്രൂസും വർക്കലയിലെത്തിച്ചേർന്നു. മഹാകവിയുടെ ആഗമനം ഗുരുവിനെ അറിയിക്കുന്നതിന് മുൻപ് തന്നെ ധ്യാനനിമഗ്നനായിരുന്ന ഗുരു മഹാകവി ടാഗോർ എത്തിയപ്പോൾത്തന്നെ തന്റെ പ്രാർത്ഥനാമുറി (വൈദികമഠം) തുറന്ന് പുറത്തേക്കിറങ്ങിയ സംഭവം വിവരണാതീതമാണ്.
ഏറെക്കാലമായി കേരളം സന്ദർശിക്കണമെന്ന് ആഗ്രഹമുള്ള എനിക്ക് ഈ ശിവഗിരി സന്ദർശനം ഈശ്വരനിശ്ചയപ്രകാരമുള്ളതാണ്. ഈ ആഗ്രഹത്തിന്റെ പിന്നിലുണ്ടായിരുന്ന ചേതോവികാരം ബംഗാൾകടലിന് അഭിമുഖമായി നിലകൊള്ളുന്ന പശ്ചിമബംഗാളും അറബിക്കടലിന്റെ തീരദേശത്തുള്ള കേരളവും തമ്മിൽ രാഷ്ട്രീയ - സാമൂഹിക മേഖലകളിലെ സാമ്യതയിലുള്ള ഗവേഷണതാത്‌പര്യമാണ്.
നൂറ്റാണ്ടുകളായി സവർണർ അടിച്ചമർത്തിയ ജനതയായിരുന്നു കേരളത്തിലെ പിന്നാക്ക - ദളിത് വിഭാഗങ്ങൾ. ഈ വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഒട്ടനവധി സാമൂഹിക പരിഷ്‌കർത്താക്കൾ നിലപാട് സ്വീകരിച്ചു. പിന്നാക്ക വിഭാഗത്തിൽ ജനിച്ച നാരായണഗുരു ഈ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ജാതി ഉന്മൂലനപോരാട്ടത്തിൽ അനേകം പേർ ഗുരുവിന്റെ അനുയായികളായി. ഗുരു വിശ്വസിച്ചിരുന്ന ആശയം 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു" സ്വാർത്ഥരായ ഒരു വിഭാഗം വിദ്വേഷപ്രചാരകർ, മനുഷ്യരെ ജാതി, മതം, വർണം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നു എന്നാണ്. സവർണർ പ്രാദേശിക ഭരണകർത്താക്കളോടൊപ്പം ചേർന്ന് സാമൂഹിക ആധിപത്യം നേടിയിരുന്ന കാലഘട്ടത്തിൽ ഗുരു ഉൾപ്പെടെയുള്ള പല സാമൂഹിക പരിഷ്കർത്താക്കളുടേയും പ്രചാരണങ്ങൾ ശക്തിപ്പെട്ടപ്പോൾ സവർണാധിപത്യം ചോദ്യംചെയ്യപ്പെട്ടു. ഇത്തരത്തിലുള്ള ജാതിവിരുദ്ധപോരാട്ടങ്ങൾ അരക്കിട്ടുറപ്പിച്ചതാണ് കേരളത്തിന്റെ പുരോഗമനസ്വഭാവം. ചുരുക്കിപ്പറഞ്ഞാൽ കേരളം മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നതിന് മൂന്നു കാരണങ്ങൾ കണ്ടെത്താം. ഒന്നാമതായി വിശ്വമാനവികതയിലൂന്നിയ ആശയങ്ങളുടെ പ്രചാരകരായി, ജാതിമത അടിസ്ഥാനത്തിന് അതീതമായി ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ സാന്നിദ്ധ്യം. രണ്ടാമത് എണ്ണത്തിൽ ചുരുക്കമായിരുന്നെങ്കിലും, സാമൂഹിക ആധിപത്യം സ്ഥാപിച്ച സവർണരുടെ എതിർപ്പിനെ മറികടന്ന് സാമൂഹ്യപരിഷ്കരണ മഹാരഥന്മാർ, സാമൂഹിക - സാംസ്കാരിക പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം, മൂന്നാമത്തേത് ജാതിവിരുദ്ധപോരാട്ടങ്ങളോട്, ഭാരതത്തിലെ മറ്റിടങ്ങളിലേതുപോലെ അതിക്രൂരമായ നടപടികൾ ഉണ്ടായില്ല എന്നതും ഗുരുവിന്റെ മാനവിക പരിഷ്കരണങ്ങളെ സഹായിച്ചു.
ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കണമെന്ന ആഗ്രഹം ടാഗോറിൽ ഉടലെടുക്കാൻ കാരണം വളരെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മാനവികനന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവിനോട് തോന്നിയ ബഹുമാനവും ആദരവുമാണ്.
വിശ്വമഹാകവിയുടെ രാഷ്ട്രീയകുറിപ്പുകളും പ്രവർത്തനങ്ങളും വെളിവാക്കുന്നത് ഗുരുവിന്റെ വിശ്വമാനവികത എന്ന ആശയം തന്നെയായിരുന്നു അദ്ദേഹത്തിന്റേതും എന്നാണ്. ലോകത്തിലെ രണ്ട് വിശിഷ്ടവ്യക്തിത്വങ്ങൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച ഏതാണ്ട് ഒരേ രാഷ്ട്രീയ ആശയധാരകളുടെ കൂടി സമാഗമമായിരുന്നു.
ശ്രീനാരായണഗുരുവിന് കേരളത്തിൽ കിട്ടിയതുപോലുള്ള ഒരു സാമൂഹികപിന്തുണ ടാഗോറിന്റെ ബ്രഹ്മസമാജിന് ബംഗാളിൽ സമാഹരിക്കാൻ കഴിഞ്ഞില്ല. ജാതിവ്യവസ്ഥയ്‌ക്കെതിരായുള്ള ബ്രഹ്മസമാജിന്റെ പ്രവർത്തനങ്ങൾക്കതീതമായി ബംഗാളിലെ സവർണാധിപത്യം ശക്തിപ്പെടുകയാണുണ്ടായത്. വിപ്ളവാത്മകമായ സാമൂഹിക പരിവർത്തനത്തിനുള്ള ടാഗോറിന്റെ ശ്രമങ്ങളെ വലിയൊരളവിൽ സഹായിച്ചത് അദ്ദേഹത്തിന്റെ ആരാധകരും ബ്രിട്ടീഷ് സുഹൃത്തുക്കളുമായിരുന്നു.
ഗുരുദേവ - ടാഗോർ സമാഗമം സൂക്ഷ്‌മമായി വിശകലനം ചെയ്താൽ അവിടെ സംവദിച്ചത് പ്രപഞ്ചവസ്തുതയുടെ പശ്ചാത്തലത്തിനതീതമായ ആശയങ്ങളുടെ സമാഗമമായിരുന്നെന്നു കാണാം. പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയലേശമില്ലാതെ മാനവികമൂല്യങ്ങൾക്കും മാനുഷികനന്മയ്ക്കുംവേണ്ടി പൊരുതാനുള്ള നിശ്ചയദാർഢ്യമായിരുന്നു ഈ മഹാരഥന്മാരെ മുന്നോട്ടുനയിച്ചത്. സവർണജാതിപ്പേരുകളിൽ അഭിരമിക്കുന്നത് കേരളത്തിലും ബംഗാളിലും സ്വതവേ കുറവാണെങ്കിലും ജാതിഭ്രഷ്ടും വെറിയും ഈ രണ്ടു സമൂഹങ്ങളിലും പടർന്നിട്ടുള്ളതായി കാണാം. മിശ്രവിവാഹങ്ങൾ ഇന്നും ഈ സമൂഹങ്ങളിൽ അസാധാരണമാകുന്നത് 'ജാതി" എന്ന ഭൂതം അത്രയേറെ ജനങ്ങളുടെ മനസിൽ ഉറച്ചുപോയതുകൊണ്ടാണ്.
വിദ്യാഭ്യാസമൂല്യതയെപ്പറ്റി രണ്ടുപേർക്കുമുണ്ടായിരുന്ന കാഴ്ചപ്പാട് ഓരോ വ്യക്തിയുടെയും ഉള്ളിൽ മനുഷ്യത്വം എന്തെന്ന് മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു.
ഭൂമിയുടെ ആവാസവ്യവസ്ഥ സംരക്ഷണത്തിലൂടെ മാത്രമേ മാനവരാശിയുടെ നിലനില്പ് സാദ്ധ്യമാകൂ എന്നും ഭൂമിയെ നശിപ്പിച്ചാൽ മനുഷ്യന്റെ ഹാനിക്കും അതു കാരണമാകുമെന്നും കുട്ടികളെ പഠിപ്പിക്കണം എന്നതായിരുന്നു ഇരുവരും ആഹ്വാനം ചെയ്തത്. എന്നാൽ ഇരുവരുടെയും വിദ്യാഭ്യാസവ്യവസ്ഥകളിൽ വ്യത്യാസങ്ങൾ ദർശിക്കാം. ഗുരു പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത്, വേദങ്ങളും ഉപനിഷത്തുകളും ഉൾപ്പെടെയുള്ള ആത്മീയ ഗ്രന്ഥങ്ങളെയാണ്. ഇതിൽനിന്നും വ്യത്യസ്തമായി ഒരു സാർവലൗകിക ചുറ്റുപാടുകളിൽ വളർന്നതിനാൽ വളരെ ചെറുപ്പത്തിൽത്തന്നെ പാശ്ചാത്യബോധവ്യവഹാരങ്ങൾ ടാഗോർ മനസിലാക്കിയിരുന്നു. അതിലൂടെ അദ്ദേഹത്തിന്റെ അദ്ധ്യാപനശാസ്ത്രം ഭാരതീയ പാരമ്പര്യത്തിന്റെയും വൈദേശികവിജ്ഞാനത്തിന്റെയും വ്യവസ്ഥയിൽ വേരൂന്നി . അതിനാലാണ് പാതഭവനിലെയും വിശ്വഭാരതിയിലെയും പാഠ്യപദ്ധതിയിൽ ഈ രണ്ടു വിജ്ഞാനശാഖകളും ഉൾപ്പെട്ടിട്ടുള്ളത്.
പാശ്ചാത്യബോധ വ്യവഹാരങ്ങൾ ഇന്ത്യൻ സമൂഹത്തിൽ അപകടകരമാംവിധം മേധാവിത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ദേശീയചരിത്രത്തിൽ ഈ രണ്ടു മഹാരഥന്മാരുടെയും സമാഗമം നടക്കുന്നത്. അങ്ങ് രാജ്യത്തിന്റെ കിഴക്ക് ബംഗാളിൽ ടാഗോർ പ്രയത്നിച്ചു. അതേ ഉദ്യമമാണ് ഇങ്ങ് തെക്കേഇന്ത്യയിൽ ശ്രീനാരായണഗുരുവും ഏറ്റെടുത്തിരുന്നത്. മാനവികനന്മ എന്ന മഹത്തായ ഒരു സാമൂഹിക - സാംസ്കാരിക ലക്ഷ്യമായിരുന്നു ഇരുവരുടെയും എന്ന് നിസംശയം പറയാം. കൊളോണിയൽ യജമാനന്മാരുടെ ഭരണാധിപന്മാർ ദാസ്യഭാവത്തിൽ കഴിഞ്ഞിരുന്ന കാലത്താണ് ഇരുവരുടെയും പ്രവർത്തനങ്ങൾ പരമ്പരാഗത ബോധനവ്യവഹാരങ്ങൾക്ക് പുത്തൻ പ്രതീക്ഷ നൽകിയത്.
പരിഭാഷകൻ : എസ്. വെങ്കിടേഷ്