peru

നെയ്യാറ്റിൻകര: അധികൃതരുടെ അനാസ്ഥയിൽ പുനർജനിക്കായി കാത്തിരുന്ന ആശുപത്രിയിലൊടുവിൽ കിടത്തി ചികിത്സയും വേണ്ടെന്നുവച്ചു. പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇപ്പോൾ മാസങ്ങളായി കിടത്തി ചികിത്സ മുടങ്ങിയിട്ടുളളത്. പുതിയ കെട്ടിട നിർമ്മാണത്തിനായി നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് കിടത്തി ചികിത്സാ വിഭാഗം നിറുത്തിവരിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കാൽനൂറ്റാണ്ടുകൾക്ക് മുൻപ് പ്രദേശത്ത് ചികിത്സ ലഭ്യമാക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന ആശുപത്രിയാണ് ഇപ്പോൾ അധികൃതരുടെ കെടുകാര്യസ്ഥതകൊണ്ട് ഒന്നുമല്ലാതായിത്തീരുന്നത്. നിലവിൽ ആശുപത്രിയെ ആശ്രയിക്കാനാവാത്ത അവസ്ഥയിലാണ് രോഗികൾ. ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും അഭാവവും അധികൃതരുടെ അനാസ്ഥയും കൂടിച്ചേർന്നപ്പോഴാണ് ആശുപത്രിയുടെ അവസ്ഥ മോശമാകാൻ തുടങ്ങിയത്. അത്യാവശ്യ സേവനങ്ങൾ പോലും ലഭിക്കാതെ വന്നതോടെയാണ് നാട്ടുകാരും ഈ ആതുരാലയത്തെ കൈവിട്ടത്. കൊവിഡ് വ്യാപനത്തോടെ കിടത്തി ചികിത്സ പൂർണമായും നിറുത്തലാക്കിയിരുന്നെങ്കിലും പ്രദേശവാസികളുടെയും മറ്റ് സംഘടനകളുടെയും പ്രതിഷേധത്തിനും നിരന്തര സമ്മ‌‌‌ർദ്ധത്തിനുമൊടുവിൽ പിന്നീട് പുനരാരംഭിച്ചിരുന്നു. എന്നാൽ ഏതാനും നാളുകൾക്ക് ശേഷം അത് വീണ്ടും പഴയതുപോലെയായി. കിടത്തി ചികിത്സയ്ക്കായി ആകെ 20 കിടക്കകളുണ്ടായിരുന്നെങ്കിലും പിന്നീട് പത്തെണ്ണത്തിൽ മാത്രം രോഗികളെ പ്രവേശിപ്പിക്കുന്നതിനായി നിജപ്പെടുത്തുകയായിരുന്നു. അതാണ് ഇപ്പോൾ പൂർണമായും നിറുത്തലാക്കിയത്. അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര ചികിത്സയ്ക്കായി പ്രദേശവാസികൾ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയും മാത്രമാണ്. മോ‌ർച്ചറി സംവിധാനം വരെയുണ്ടായിരുന്ന ആശുപത്രിയാണ് അധികൃതരുടെ അനാസ്ഥമൂലം ഈ അവസ്ഥയിലെത്തിച്ചേർന്നത്.

 മലയോരമേഖലയിലെ ആര്യങ്കോട്, കീഴാറൂർ, ആനാവൂർ, കുന്നത്തുകാൽ പഞ്ചായത്തുകളിലെ ഭൂരിഭാഗം ജനങ്ങളുടെയും ഏക ആശ്രയമായിരുന്നു പെരുങ്കടവിള പ്രാഥമികാശുപത്രി.

 ജീവനക്കാരുടെ അഭാവം

ആശുപത്രിയിൽ 7 ഡോക്ടർമാരുണ്ടെങ്കിൽ മാത്രമേ 24 മണിക്കൂർ ചികിത്സ നടത്താൻ കഴിയുകയുള്ളൂ. നിലവിൽ 6 ഡോക്ടർമാരാണ് ഉള്ളത്. ഇതിലൊരു ഡോക്ടർ ഡെപ്യൂട്ടേഷനിൽ പോയിട്ട് വർഷങ്ങളായെങ്കിലും പകരം നിയമനം നടത്തിയില്ല. എൻ.എച്ച്.എമ്മിലുളള 2 ഡോക്ടർമാരെ ആശ്രയിച്ചാണ് ആശുപത്രിയുടെ ഒ.പി പ്രവർത്തനം നടക്കുന്നത്. ദിനംപ്രതി മുന്നൂറിലേറെ രോഗികളാണ് ഒ.പി വിഭാഗത്തിലെത്തുന്നത്. ആശുപത്രിയിൽ സ്പെഷ്യാലിറ്റി കേഡർ അനുവദിക്കാത്തതിനാൽ പ്രാഥമിക പരിശോധനയല്ലാതെ മറ്റ് ചികിത്സകളൊന്നും നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

 ബഹുനില മന്ദിര നിർമ്മാണം

2 കോടി രൂപയുടെ പുതിയ ബഹുനില മന്ദിര നിർമ്മാണത്തിന് ആരോഗ്യ മന്ത്രി തറക്കല്ലിട്ട് 6 മാസം കഴിഞ്ഞിട്ടും പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. ആശുപത്രിക്ക് സമീപമായി ഒരേക്കറോളം ഭൂമി തരിശായി കിടക്കുമ്പോൾ പഴയ 2 ബ്ളോക്കുകൾ പൊളിച്ചുമാറ്റിയാണ് പുതിയ ബഹുനില മന്ദിരത്തിനായി അധികൃതർ പദ്ധതി തയാറാക്കിയിട്ടുളളത്. പഴയ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്തു ഉപയോഗപ്പെടുത്തുന്നതിന് പകരം പൊളിച്ചുമാറ്റുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ പുതിയ കെട്ടിട നിർമ്മാണത്തിന് സാങ്കേതിക അനുമതി കിട്ടാൻ വൈകുന്നതാണ് നി‌‌ർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.