കിളിമാനൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അതിക്രമിച്ചു കയറി യാത്രക്കാരെ കയറ്റുകയും കെ.എസ്.ആർ.ടി.സി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഇക്കഴിഞ്ഞ 8ന് ഉച്ചയ്ക്ക് 2നാണ് ആറ്റിങ്ങൽ - മടത്തറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് കിളിമാനൂർ ഡിപ്പോയിൽ അതിക്രമിച്ച് കയറി ആളെ കയറ്റിയത്.ഇത് ചോദ്യം ചെയ്ത ജീവനക്കാരെ അസഭ്യം വിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും ഇത് സംബന്ധിച്ച് ഡിപ്പോ അധികൃതർ ആർ.ടി.ഒയ്ക്ക് പരാതി നൽകിയില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. സ്വകാര്യ ബസ് ജീവനക്കാർക്ക് എതിരെ നടപടി എടുക്കും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാർ അറിയിച്ചു.