തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിലെ ഏറ്റുമുട്ടലിന് പിന്നാലെ സമരം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി ഇന്ന് നടക്കുന്ന ജില്ലാ നേതൃയോഗത്തിന് ശേഷം സമരപ്രഖ്യാപനം നടത്തും.
അതേസമയം കത്ത് വിവാദത്തിൽ പ്രതിസന്ധിയിലായ ഭരണസമിതിയും സി.പി.എമ്മും പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാരുടെ പ്രത്യേകം യോഗം ചേർന്നതായാണ് സൂചന. മേയർക്കെതിരായ പ്രതിഷേധം തടയാൻ എല്ലാ കൗൺസിലർമാരും ഒപ്പത്തിനൊപ്പം നിൽക്കണമെന്നാണ് നിർദ്ദേശം. പ്രതിപക്ഷ സമരം പൊളിക്കാനുള്ള അണിയറ നീക്കങ്ങളും ഇതോടൊപ്പം ആരംഭിച്ചു.
സമരം ഏത് വിധേനയും ശക്തമാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ ജനജീവിതത്തെ ബാധിക്കുമെന്ന പ്രചാരണം നടത്തി പ്രതിരോധിക്കാനാണ് ആദ്യഘട്ടത്തിൽ ഭരണസമിതി ശ്രമിക്കുക. ഇത് വിജയം കണ്ടില്ലെങ്കിൽ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ വിശദീകരണ യോഗവും പ്രചാരണ ജാഥകളും നടത്താനും ആലോചനയുണ്ട്. ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിക്കുന്നതിൽ എൽ.ഡി.എഫ് പിന്നിലായെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണിത്.
ആവശ്യങ്ങളിൽ
ഉറച്ച് പ്രതിപക്ഷം
മേയർക്കെതിരായ ആരോപണത്തിൽ സമരം പരമാവധി ശക്തമാക്കാനാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നീക്കം. വരും ദിവസങ്ങളിൽ മാർച്ചും പ്രതിഷേധ റാലിയുമായി നഗരസഭാ പരിസരം പ്രക്ഷുബ്ദമാകും. വീണുകിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ജില്ലാ ഘടകത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.
സർക്കാർ ചർച്ചയിലും മേയറുടെയും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിലിന്റെയും രാജിയിൽ കുറഞ്ഞുള്ള സമവായം വേണ്ടെന്നാണ് ബി.ജെ.പിയുടെയും തീരുമാനം. യു.ഡി.എഫും വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാനുള്ള ആലോചനയിലാണ്.
ഡി.ആർ. അനിലിന്റെ പരാമർശം:
മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബി.ജെ.പി
കത്ത് വിവാദത്തിലെ സമരത്തിനിടെ ബി.ജെ.പിയിലെ വനിതാ കൗൺസിലർമാർക്കെതിരെ ഡി.ആർ. അനിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് പരാതി നൽകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. നടപടി ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും ബി.ജെ.പി വനിതാ കൗൺസിലർമാർ കത്തയയ്ക്കും. നഗരസഭയിൽ രാപ്പകൽസമരം നടത്തിയ അംഗങ്ങളെ പൊലീസ് അർദ്ധരാത്രി അറസ്റ്റുചെയ്‌ത നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും വി.വി. രാജേഷ് ആരോപിച്ചു.
വനിതാ കൗൺസിലർമാരോട് കേട്ടാലറയ്‌ക്കുന്ന പരമർശം നടത്തുന്നയാളെ എങ്ങനെ സാധാരണ സ്ത്രീകൾ ആവശ്യങ്ങൾക്കായി സമീപിക്കും. വിഷയത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. മേയർ ആര്യാ രാജേന്ദ്രനും ഡി.ആർ.അനിലും രാജിവയ്‌ക്കുംവരെ സമരം തുടരും. ഡി.ആർ.അനിൽ നടത്തിയ പരാമർശം മേയർ കേട്ടതാണെന്നും അഴിമതിക്ക് കുടപിടിച്ച് ജനകീയ സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ വിലപ്പോവില്ലെന്നും രാജേഷ് പറഞ്ഞു.