കടയ്ക്കാവൂർ: അറ്റക്കുറ്റപ്പണി പൂർത്തിയായിട്ടും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ട് സ്റ്റേഷനിലേക്ക് തിരികെയെത്തിക്കുന്നില്ല. പണികൾ തീർത്ത് മാസങ്ങൾ കഴിഞ്ഞിട്ടും എണ്ണക്കാശ് ഇല്ലാത്തതിനെ തുടർന്നാണ് റെസ്ക്യൂ ബോട്ട് ഇപ്പോഴും കൊല്ലത്തെ സ്ഥാപനത്തിൽ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് രക്ഷാപ്രവർത്തനങ്ങൾക്കിടെയുണ്ടായ അറ്റകുറ്റപ്പണികൾക്കായി റെസ്ക്യൂബോട്ടിനെ ഇവിടേക്ക് അയച്ചത്. ദ്രൃതഗതിയിൽ തന്നെ അറ്റകുറ്റപ്പണികൾ തീർത്തു. എന്നാൽ ബോട്ട് അവിടെ നിന്ന് തിരിച്ച് എത്തിക്കാനുള്ള ഇന്ധന കാശ് അധികൃതർ അനുവദിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ കോസ്റ്റൽ പൊലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബോട്ടാണിത്. നിലവിൽ കോസ്റ്റൽ പൊലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിംഗ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഫിഷറീസ് വകുപ്പിന് കീഴിൽ വാടകയ്ക്ക് എടുത്ത മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടിനേയും, മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്.