തിരുവനന്തപുരം: പ്രശ്നങ്ങൾ എന്താണെന്നറിഞ്ഞ് തീരുമാനമെടുക്കാൻ കഴിയുകയാണ് ജീവിതത്തിൽ ഏറ്റവും ആദ്യം വേണ്ട കഴിവെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും ജനമൈത്രി സുരക്ഷ പ്രോജക്ടിന്റെ സംസ്ഥാന നോഡൽ ഓഫീസറുമായ ആർ.നിശാന്തിനി പറഞ്ഞു. കേരളകൗമുദി ബോധപൗർണമി ക്ളബിന്റെ ഭാഗമായി നീറമൺകര എൻ.എസ്.എസ് കോളേജിൽ സംഘടിപ്പിച്ച ലഹരി,സൈബർ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ മുൻകൂട്ടിക്കാണാനും അതിനെതിരെ പോരാടാനുമുള്ള കഴിവ് ആർജ്ജിക്കണം.എ ന്റെയൊക്കെ കുട്ടിക്കാലത്ത് അമ്മ നൽകുന്ന ഉപദേശം റോഡിനിരുവശവും നോക്കി ക്രോസ് ചെയ്യണമെന്നതു മാത്രമാണ്.എന്നാൽ, ഇന്നത്തെ കുട്ടികൾക്ക് ഒരുപാട് സുരക്ഷാനിയമങ്ങൾ പഠിപ്പിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. വാർത്തകൾ നൽകുന്നതിനപ്പുറം സമൂഹത്തിൽ ലഹരിക്കെതിരെയും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയും കേരളകൗമുദി നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്. സൈബറിടമെന്നത് സ്വകാര്യമാണെന്ന ചിന്ത തെറ്റാണ്.അവിടെ നമ്മൾ നൽകുന്ന ലൈക്കും ചെയ്യുന്ന പോസ്റ്റുമൊക്കെ ഒരുപാടുപേർ കാണുന്നുണ്ട്, അറിയുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കണമെന്ന ലക്ഷ്യത്തിലെത്താൻ ശ്രമിക്കുക. ജീവിതം തന്നെയാണ് ലഹരിയെന്ന് മനസിലാക്കുക. നിങ്ങൾ തെറ്റ് ചെയ്യാത്തിടത്തോളംകാലം തലകുനിക്കാതെ, ഭയക്കാതെ തന്നെ ജീവിക്കണം. പ്രതിസന്ധികളിൽ അകപ്പെടുന്നവരെ ചേർത്തുനിറുത്തുന്ന വിധത്തിലേക്ക് സമൂഹവും വളരണമെന്ന് നിശാന്തിനി പറഞ്ഞു. റോട്ടറി ക്ളബ് ഒഫ് ട്രിവാൻഡ്രം അമിനിറ്റി, കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല, കരമന എൻ.എസ്.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ നിശാന്തിനിക്ക് കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ ഉപഹാരം സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ദേവിക,റോട്ടറി ക്ളബ് ഒഫ് ട്രിവാൻഡ്രം അമിനിറ്റി പ്രസിഡന്റ് സുരേഷ് കുമാർ.ആ,സെക്രട്ടറി സന്ദീപ്, എഴുത്തുകാരനും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ മഹേഷ് മാണിക്കം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ശുഭ ആർ.നായർ,ആശ പ്രഭാകരൻ,വിദ്യാർത്ഥികളായ അഞ്ജന ചന്ദ്രൻ,ആദിത്യ .ആർ.വി,നേഹ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. സെമിനാറിനെത്തുടർന്ന് ജനമൈത്രി പൊലീസ് അവതരിപ്പിച്ച തീക്കളിയെന്ന നാടകം അരങ്ങേറി.