
തിരുവനന്തപുരം: ഹിന്ദി സാഹിത്യകാരൻ ഭഗവാൻ ദാസ് മോർവാൾ ഒരുക്കിയ സ്ത്രീപക്ഷ നോവൽ 'വഞ്ചന'യുടെ മലയാളം പതിപ്പ് ഒരുങ്ങിയത് പത്തു ദിവസം കൊണ്ട്.പിന്നിൽ പ്രവർത്തിച്ചതോ 39 ഹയർസെക്കൻഡറി അദ്ധ്യാപകരും.സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഡൽഹിയിലെ നിർഭയ കേസിനെ മുൻനിറുത്തി പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ നേരിടേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചാണ് 'വഞ്ചന' പറയുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗവും കോളേജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടറേറ്റും സംയുക്തമായി ഹിന്ദി അദ്ധ്യാപകർക്കായി സംഘടിപ്പിച്ച പത്തുദിന റസിഡൻഷ്യൽ പരിശീലന പരിപാടിക്കിടെയാണ് ഇവർ നോവലിന്റെ പരിഭാഷ പൂർത്തിയാക്കിയത്.ഡിസംബർ 9നാരംഭിച്ച ഹയർ സെക്കൻഡറി ഹിന്ദി അദ്ധ്യാപക പരിവർത്തനപരിപാടിയിൽ ഉരുത്തുരിഞ്ഞ ആശയമാണ് ഈ പരിഭാഷ യാഥാർത്ഥ്യമാക്കിയത്.
39 അദ്ധ്യാപകർ 39 അദ്ധ്യായങ്ങളെ മൊഴിമാറ്റിയെടുത്തു.രാവിലെ 8 മുതൽ രാത്രി 8 വരെ നീളുന്ന പരിശീലന പരിപാടിക്ക് പിന്നാലെ ഇവരെല്ലാം ഒരേ മനസോടെയിരുന്ന് വിവർത്തന ജോലികൾ ചെയ്തു. പ്രിന്റിംഗ് ഉൾപ്പെടെയുള്ള ജോലികളും പൂർത്തിയാക്കി. 'വഞ്ചന'യെന്നു തന്നെ പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10.30ന് യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ മന്ത്രി ആന്റണി രാജു നിർവഹിക്കും.സൂര്യ കൃഷ്ണമൂർത്തി പുസ്തകം ഏറ്റുവാങ്ങും. ഹയർസെക്കൻഡറി അക്കാഡമിക് ജോയിന്റ് ഡയറക്ടർ ഡോ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.കോളേജ് കോ-ഓർഡിനേറ്റർ ഡോ. ബി. അശോക്,എച്ച്.എസ്.എസ്.ടി.ടി.പി സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ ഷിഹാബ്, എസ്.എം.വി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വസന്തകുമാരി,ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ ഡോ.ശ്രീകല.വി.എസ് തുടങ്ങിയവർ പങ്കെടുക്കും.