തിരുവനന്തപുരം: നഗരസഭയിലെ അഴിമതിയിൽ പ്രതിഷേധിച്ച വനിതാ ജനപ്രതിനിധികളുടെ പുറത്തുചവിട്ടിക്കടന്ന മേയറെയും മോശം പരാമർശം നടത്തിയ കൗൺസിലറെയും ഭരണച്ചുമതലകളിൽ നിന്ന് നീക്കം ചെയ്‌ത് സി.പി.എം പൊതുമൂഹത്തോട് മാപ്പുപറയണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിച്ച ഡി.ആർ.അനിലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മ്യൂസിയം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കുകയും വഴിതടയുകയും ചെയ്യുന്നത് ജനാധിപത്യ സമരമുറയിൽ പുതിയതല്ല. വഴിതടയുന്നവരെ നീക്കം ചെയ്‌ത് പ്രശ്നം പരിഹരിക്കുകയാണ് ജനാധിപത്യ രീതി. എന്നാൽ സമരം ചെയ്യുന്ന മുതിർന്നവരുടെ പുറത്ത് ചെരുപ്പിട്ട് ചവിട്ടി കടന്നുപോകുന്ന പ്രായം കുറഞ്ഞ മേയർ ജനാധിപത്യത്തിനും നഗരത്തിനും അപമാനമാണ്. ഡി.ആർ.അനിലിനെതിരെ നിയമനടപടി സ്വീകരിക്കാത്തപക്ഷം യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും പാലോട് രവി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ, നേതാക്കളായ ബീമാപള്ളി റഷീദ്,കരുമം സുന്ദരേശൻ,മേരി പുഷ്പം,ആക്കുളം സുരേഷ്,സി.ഓമന,പി.ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി പൊലീസ്
സ്റ്റേഷൻ മാർച്ച് നടത്തി
കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ കൗൺസിൽ ഹാളിൽ പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ മർദ്ദിച്ച പൊലീസുകാർക്കെതിരെയും വനിതാ കൗൺസിലർമാരെ അപമാനിച്ച ഡി.ആർ.അനിലിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആർ.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.ആർ.ഗോപൻ,തിരുമല അനിൽ, അഡ്വ.വി.ജി.ഗിരികുമാർ, ചെമ്പഴന്തി ഉദയൻ, മധുസൂദനൻ നായർ, കരമന അജിത്, സിമിജ്യോതിഷ് എന്നിവർ പങ്കെടുത്തു.