തിരുവനന്തപുരം : ദിവസവും കുളിച്ച് ശരീരമാലിന്യം കളയാൻ പ്രത്യേക ശ്രദ്ധ പുലർത്തുന്ന കേരളീയർ മനസിലുള്ള സങ്കടങ്ങളും സ്വാർത്ഥതയും ഉൾപ്പെടെയുള്ള എല്ലാ മനോമാലിന്യങ്ങളും നീക്കംചെയ്യാൻ സമയം കണ്ടെത്തണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. 38മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൽ ഭാഗവതത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്ര നിർവഹണ സമിതി ചെയർമാൻ ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാർ, സത്ര നിർവഹണ സമിതി വർക്കിംഗ് ചെയർമാൻ രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു.ചെറുവറ്റ ശ്രീരാജ് കാനപ്രം ഈശ്വരൻ നമ്പൂതിരി, പുത്തില്ലം മധു,ഡോ.ലക്ഷ്മി ശങ്കർ, ഡോ.പി.കെ പ്രദീപ് ശരത്.പി.നാഥ്,പെരികമന ശ്രീനാഥ് നമ്പൂതിരി,കൊളത്തൂർ ജയകൃഷ്ണൻ, പ്രൊഫ. ഇന്ദുലേഖ, ഡോ. വേണുഗോപാൽ തുടങ്ങിയവർ ഇന്നലെ പ്രഭാഷണം നടത്തി.
20 വർഷങ്ങൾക്ക് ശേഷം
ആ ശബ്ദം മുഴങ്ങി
20വർഷങ്ങൾക്ക് മുൻപ് അനന്തപുരിയിലെ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഭാഗവതമഹാ സത്രത്തിൽ കേട്ട സംസ്‌കൃതത്തിലുള്ള അനൗൺസ്‌മെന്റ് വീണ്ടും തലസ്ഥാനത്ത് മുഴങ്ങി.38 മത് ഭാഗവത സത്രത്തിന്റെ വേദിയിലാണ് പ്രഭാഷകന്മാരെയും കേൾവിക്കാരെയും അമ്പരപ്പിച്ച് അണമുറിയാതെ ഭാഗവതത്തിലെ വിവിധ ഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് സംസ്കൃതത്തിലുള്ള അനൗൺസ്മെന്റ് മുഴങ്ങിയത്.പാളയം സംസ്‌കൃത കോളേജിലെ വൈസ് പ്രിൻസിപ്പലും സംസ്‌കൃത പണ്ഡിതനുമായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ആ ശബ്ദത്തിന്റെ ഉടമ.
സത്രത്തിൽ രാവിലെ ആരംഭിക്കുന്ന പാരായണം മുതൽ രാത്രിയിലെ കലാപരിപാടികൾവരെയുള്ള എല്ലാ അറിയിപ്പുകളും ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സംസ്‌കൃതത്തിലും മലയാളത്തിലും നൽകും. ഭാര്യ സി.എൻ. വിജയകുമാരിയും കേരള സർവകലാശാലയിൽ സംസ്‌കൃതം പ്രൊഫസറാണ്.