
വക്കം: നീരൊഴുക്ക് നിലച്ചതും, മാലിന്യങ്ങൾ നിറഞ്ഞതുമായ പൊതുജലാശയങ്ങളും തോടുകളും കടയ്ക്കാവൂരിൽ സംരക്ഷിച്ച് നിലനിറുത്താൻ പദ്ധതി നടപ്പിലാക്കി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ തോടുകൾ നവീകരിച്ച് വീണ്ടെടുത്ത് കയർ ഭൂവസ്ത്രം ഉപയോഗിച്ച് വശങ്ങൾ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് പൂർത്തിയാക്കുന്നത്. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കടയ്ക്കാവൂർ പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
ഭരണസമിതിയും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും ചേർന്ന് എൻ.ആർ.ജി.എസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മേലാറ്റിങ്ങലിൽ പൂർത്തിയായ കയർ ഭൂവസ്ത്രമണിഞ്ഞ തോട് പഞ്ചായത്ത് പ്രസിഡന്റ് ഷീല.എസ്, വൈസ് പ്രസിഡന്റ് ആർ.പ്രകാശ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ, മേലാറ്റിങ്ങൽ വാർഡ് മെമ്പർ അൻസാർ പെരുങ്കുളം,ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, എൻ.ആർ.ജി അസിസ്റ്റന്റ് എൻജിനിയർ നൗഫൽ എന്നിവർ സന്ദർശിച്ചു.