
ബാലരാമപുരം :കുടിശ്ശികയായ 40 കോടി രൂപ നൽകാതെയും നെയ്യാൻ നൂൽ നൽകാതെ, ദിവസം രണ്ടു മീറ്റർ നെയ്താൽ മതിയെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് കൈത്തറി യൂണിഫോം പദ്ധതി അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും കൈത്തറി കോൺഗ്രസ് പ്രസിഡന്റുമായ അഡ്വ. ജി. സുബോധൻ ആരോപിച്ചു. നെയ്തുകാരുടെ അനുകൂല്യങ്ങൾക്കായി ബഡ്ജറ്റിൽ അനുവദിച്ച ഏഴു കോടിയും ഉപകരണങ്ങൾക്കായി അനുവദിച്ച മൂന്നു കോടി രൂപയും ലാപ്സാക്കി. സ്കീമുകളൊന്നും നടപ്പാക്കാത്തതിൽ സമഗ്ര അന്വേഷണം നടത്തണമെന്നതുൾപ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ജനുവരി രണ്ടാം വാരം സമര പരിപാടികൾ ആരംഭിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്. സുബോധൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുഴിവിള ശശി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എസ്. എൻ. ജയചന്ദ്രൻ, പയറ്റുവിള മധു, രാജൻ, സജു, സജി, തുളസി, ജിബിൻ, പയറ്റുവിള സുരേന്ദ്രൻ, നരുവാമൂട് രാമചന്ദ്രൻ, പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.