kai

തിരുവനന്തപുരം: അന്വേഷിക്കാനും കേസെടുക്കാനും പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ അനുമതി നൽകാതായതോടെ, കൈക്കൂലിക്കാരെ പിടികൂടി ജയിലടയ്ക്കാൻ വിജിലൻസ് മുന്നിലുള്ള ഏക വഴി ട്രാപ്പ് ഓപ്പറേഷൻ (കെണിയൊരുക്കി കുടുക്കുക). പരാതിക്കാരുടെ കൈവശം നോട്ടുകൾ കൊടുത്തുവിട്ട് അത് വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുന്ന പരമ്പരാഗത രീതി. ഇക്കൊല്ലം നടത്തിയ ഓപ്പറേഷനിലൂടെ ഇതുവരെ എടുത്തത് 45 കേസുകൾ. 53പേർ അറസ്റ്രിലായി. സർവകാല റെക്കാഡാണിത്.

അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് സർക്കാർ ജീവനക്കാർക്കും ഭരണാധികാരികൾക്കും പൊതുപ്രവർത്തകർക്കുമെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മിക്കപ്പോഴും അത് ലഭിക്കാറില്ലാത്തതിനാൽ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. എന്നാൽ, ട്രാപ്പിൽപ്പെടുത്തി പിടികൂടുന്നവർക്കെതിരെ കേസെടുക്കാൻ ആരുടെയും അനുമതി വേണ്ട.

കെണിയൊരുക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്ന നോട്ടിന്റെ സീരിയൽ നമ്പറുകൾ മുൻകൂട്ടി കോടതിയിൽ നൽകുകയും കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ഫോൺവിളി രേഖയോ പരാതിക്കാരന്റെ മൊഴിയോ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്ത ശേഷമാണ് ട്രാപ്പ് ഓപ്പറേഷൻ നടത്തുക. ജില്ലാ കളക്ടർ നിയോഗിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘത്തിന്റെ ഭാഗവുമാക്കും. ഈ ഉദ്യോഗസ്ഥന്റെ മൊഴി കോടതിയിൽ തെളിവാക്കും. അതിനാൽ കൈയോടെ പിടികൂടുന്ന കൈക്കൂലിക്കാരെ കോടതിയിൽ ഹാജരാക്കാനും റിമാൻഡിലാക്കാനും വിജിലൻസിനാവും. കുറഞ്ഞത് മൂന്നുദിവസം ജയിലിൽ കഴിയേണ്ടിവരും. റിമാൻഡിലായതിനാൽ സസ്പെൻഷനിലുമാവും.

ആയിരം രൂപ മുതൽ മുക്കാൽ ലക്ഷംവരെ കൈക്കൂലി വാങ്ങിയവർ ട്രാപ്പ് ഓപ്പറേഷനുകളിൽ പിടിയിലായിട്ടുണ്ട്. ഉന്നതഉദ്യോഗസ്ഥർക്കു വേണ്ടി കൈക്കൂലി വാങ്ങിയവരും അറസ്റ്റിലായി. വേഷം മാറിയുള്ള രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനും മുൻഗണന നൽകണമെന്നും ആറുമാസത്തിനിടെ ഓരോ യൂണിറ്റിലും രണ്ട് ട്രാപ്പ് ഓപ്പറേഷനെങ്കിലും നടത്തണമെന്നുമാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഉത്തരവ്. നോട്ടിൽ പുരട്ടിയ ഫിനോഫ്തലിൻ പൊടി കൈയിൽ പുരളുമ്പോൾ സോഡിയം ബൈകാർബണേറ്റ് ലായനിയിൽ മുക്കുകയാണ് ട്രാപ്പ് ഓപ്പറേഷനിൽ ചെയ്യുക. അപ്പോൾ കൈയിൽ പിങ്ക് നിറമുണ്ടാവും.

ട്രാപ്പ് കേസുകളിലെ കുതിപ്പ്

2015-----------20

2016-----------20

2017-----------21

2018-----------16

2019-----------17

2020-----------24

2021-----------30

2022-----------45

പിടിയിലായവർ ഇങ്ങനെ

റവന്യു--------------------20

തദ്ദേശം-------------------15

ആരോഗ്യം----------------5

രജിസ്ട്രേഷൻ-----------3

വിദ്യാഭ്യാസം-------------3

(എം.ജി സർവകലാശാല, ജലഅതോറിട്ടി, പൊലീസ്, സപ്ലൈകോ,

കെ.എസ്.ഇ.ബി, മൈനിംഗ്, ലീഗൽമെട്രോളജി ഓരോന്നുവീതം)