തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിലിനിടെ യു.ഡി.എഫ് കൗൺസിലർ ആക്കുളം സുരേഷിനെ വധഭീഷണി മുഴക്കി ആക്രമിച്ചെന്ന പരാതിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ. അനിലിനെതിരെ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
മ്യൂസിയം എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്.
പരാതിക്കാരനായ സുരേഷിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആക്കുളം സുരേഷ് നൽകിയ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. പ്രാഥമിക അന്വേഷണ പൂർത്തിയായശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. സ്ത്രീത്വത്തെ അപമാനിച്ചെന്ന ബി.ജെ.പി വനിതാ കൗൺസിലർമാരുടെ പരാതിയിലും കേസെടുത്തിട്ടില്ല. നിയമോപദേശത്തിൽ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.