1

വിഴിഞ്ഞം: റഷ്യയുടെ ആക്രമണത്തിൽ സമാധാനം നഷ്ടപ്പെട്ട സ്വന്തം രാജ്യത്ത് നിന്ന് ആശ്വാസം തേടി യുക്രെയിൻ സ്വദേശികൾ കോവളത്തെത്തി.യുക്രെയിനിലെ കീവ് സ്വദേശിനി ഇര്യാനാ ബില്യാക്,​ പത്തുവയസുള്ള മകൻ അലക്സാണ്ടറാ സിറ്റു ബില്യാക്,​ സുഹൃത്തിന്റെ മകൻ ഈവ് കൊസ്ലോവിസ്കി (10)​എന്നിവരാണ് ഇന്നലെ കോവളത്തെത്തിയത്.നാല് വർഷമായി ലോകം ചുറ്റുന്ന ഇവർക്ക്,​ യുദ്ധത്തെ തുടർന്ന് യുക്രെയിനിലേക്ക് തിരിച്ചുപോകാനാകാത്ത സ്ഥിതിയാണ്.യുദ്ധം ആരംഭിച്ചപ്പോൾ ഇവരെ യുക്രെയിൻ സൈന്യം ബങ്കറുകളിലേക്ക് മാറ്റി. ഈ ബങ്കറിനു മുകളിൽ 17 ബോംബുകൾ വീണുപൊട്ടിയതിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും ഇവർ മോചിതരായിട്ടില്ല. മകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇര്യാന പറഞ്ഞു.ക്ളൊസോവിസ്കിയുടെ സംരക്ഷണം ഇര്യാനയെ ഏൽപ്പിച്ചിട്ട് രക്ഷകർത്താക്കൾ ചെക്ക് റിപ്പബ്ളിക്കിൽ അഭയം തേടിയിരിക്കുകയാണ്.യുക്രെയിനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഇവർ പറഞ്ഞു.യുക്രെയിനിൽ നിന്ന് സ്ത്രീകളും കുട്ടികളും സുരക്ഷ തേടി മറ്റ് രാജ്യങ്ങളിലേക്ക് മാറി. കുട്ടികളും സ്ത്രീകളും ശാരീരികമായി പീഡിപ്പിക്കപ്പെടുകയാണ്. ദിവസം രണ്ട് മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്,​പാചകത്തിന് ഗ്യാസും കിട്ടാനില്ല. ഇവരുടെ ഭർത്താവ് മൈക്കേൽ സീറ്റോ അമേരിക്കൻ പൗരത്വമുള്ളയാളായതിനാൽ ചെലവിനുള്ള പണം അയച്ചുകൊടുക്കുന്നു.ആർക്കിടെക്ട് ആയിരുന്ന ഇവരുടെ ജോലിയും നഷ്ടപ്പെട്ടു.18 വർഷമായി കോവളത്ത് എത്തുന്നുണ്ട്.ഇന്ത്യ സുരക്ഷിതമാണെന്നും തന്റെ രണ്ടാം വീടാണ് കോവളമെന്നും അവർ പറഞ്ഞു.ഇന്ത്യൻ ജനത മനുഷ്യത്വമുള്ളവരാണ്.പ്രത്യേകിച്ച്,​ കേരളീയർ. കേരളം വളരുകയാണ് കേരളത്തെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്. പുതുവത്സരാഘോഷങ്ങൾക്കു ശേഷം ഇവർ ചെക്ക് റിപ്പബ്ളിക്കിലേക്ക് പോകും.