തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട നമ്പർ എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനും സുതാര്യമാക്കുന്നതിനുമായി കൊണ്ടുവന്ന ഐ.ബി.പി.എം.എസ് സോഫ്റ്റ്‌വെയർ നഗരസഭാ ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് രജിസ്റ്റേർഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) ആരോപിച്ചു. ഇതുകാരണം കെട്ടിട നിർമ്മാണത്തിനുള്ള ഫയലുകൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പെർമിറ്റ് ലഭിക്കുന്നില്ല. മാസ്റ്റർപ്ലാൻ നോക്കരുതെന്ന് നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കെ ചില സോണലുകളിലെ ഉദ്യോഗസ്ഥർ എസ്.എം.പി പ്രകാരമാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ജനങ്ങളെയും രജിസ്റ്റേർഡ് എൻജിനിയർമാരെയും ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന് റെൻസ്‌‌ഫെഡ് ജില്ലാപ്രസിഡന്റ് വി.പ്രശോഭ്,​ ജില്ലാസെക്രട്ടറി വിമൽകുമാർ,​ ജില്ലാട്രഷറർ സരിത, സ്റ്റേറ്റ്‌ ജോയിന്റ് സെക്രട്ടറി അരുൺകുമാർ എന്നിവർ അറിയിച്ചു.