
തിരുവനന്തപുരം:കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ മുടവൻമുഗൾ വാർഡിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മുടവൻമുഗൾ കലാഭവനിൽ എസ്.ശ്രീകല (45) നിര്യാതയായി.ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് മിനിയാന്ന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.249 വോട്ടുകൾക്കാണ് മേയർ ആര്യാ രാജേന്ദ്രനോട് ശ്രീകല പരാജയപ്പെട്ടത്.വാർഡിലെ സജീവ കോൺഗ്രസ് പ്രവർത്തകയായിരുന്നു ശ്രീകല.മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, പൂജപ്പുര മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി, ജനശ്രീ പൂജപ്പുര മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.മൃതശരീരം ഇന്നലെ മുടവൻമുഗളിലെ വസതിയിൽ പൊതുദർശനത്തിനുവച്ച ശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു.മേയർ ആര്യാ രാജേന്ദ്രൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,എം.വിൻസന്റ് എം.എൽ.എ,കെ.മുരളീധരൻ എം.പി,കെ.എസ് ശബരീനാഥൻ,മുൻ സ്പീക്കർ എൻ.ശക്തൻ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.ഭർത്താവ് പരേതനായ മരുകൻ.മകൾ ശ്രീജ.മരുമകൻ ശരത്.