1

തിരുവനന്തപുരം: കത്ത് വിവാദത്തിലെ പ്രതിഷേധങ്ങൾ അരങ്ങേറുന്ന തലസ്ഥാന നഗരസഭയിൽ ഒഡിഷ സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ മേയർമാരുടെ സംഘം എത്തിപ്പെട്ടത് പ്രതിഷേധങ്ങളുടെ നടുവിൽ.

നഗരസഭയിലെ പ്രതിഷേധവും പൊലീസ് വിന്യാസവും കണ്ട് സംഘം അമ്പരുന്നു. പിന്നീട് മേയർ ആര്യാ രാജേന്ദ്രനുമായി സംഘം കൂടിക്കാഴ്ച നടത്തി. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സുലോചന ദാസ്, ഡെപ്യൂട്ടി മേയർ മഞ്ജുലത കൻഹാർ,ബേരാംപൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സംഘമിത്ര ഡാലെ,ഡെപ്യൂട്ടി മേയർ വിവേക് റെഡ്‌ഡി എന്നിവരുൾപ്പെടെ 21 അംഗ സംഘമാണ് നഗരസഭയിലെത്തിയത്. അകത്ത് ചർച്ച പുരോഗമിക്കവേ മേയർ ഓഫീസിന് മുന്നിൽ ബി.ജെ.പി കൗൺസിലർമാർ മേയറും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രകടനം നടക്കുകയായിരുന്നു.

എന്ത് കാരണത്താലാണ് പ്രതിഷേധം നടക്കുന്നതെന്ന് ഒഡിഷ മേയർ ചോദിച്ചപ്പോൾ വ്യാജ കത്ത് പ്രചരിച്ചതിലാണെന്ന് ഡെപ്യൂട്ടി മേയർ പി.കെ.രാജു മറുപടി നൽകി. ബി.ജെ.പി ഇവിടെയും ശക്തമാണോ എന്ന് സംഘം ചോദിച്ചെങ്കിലും ആരും വ്യക്തമായ മറുപടി നൽകിയില്ല. നഗരസഭയുടെ ആരോഗ്യ, വിദ്യാഭ്യാസ,ക്ഷേമകാര്യ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്‌ത സംഘം ഈ മേഖലകളിൽ നഗരസഭ നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,കൗൺസിലർമാൻ, ഉദ്യോഗസ്ഥർ എന്നിവരുമായും സംഘം ചർച്ച നടത്തി.