തിരുവനന്തപുരം: വികാസ് ഭവനിൽ മെമ്പർഷിപ്പ് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ അനുകൂല സംഘടനാ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിൽ ജോയിന്റ് കൗൺസിലിന്റെ മെമ്പർഷിപ്പ് പ്രചാരണം നടക്കുകയായിരുന്നു. എൻ.ജി.ഒ യൂണിയൻ അംഗങ്ങൾക്ക് ഇവർ അംഗത്വം നൽകാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്. തുടർന്ന് ഉച്ചയോടെ ഇവർ തമ്മിൽ സംഘർഷവുമുണ്ടായി. ഇരുവിഭാഗവും മ്യൂസിയം പൊലീസിൽ പരാതി നൽകി. ഇരുവിഭാഗത്തിൽപ്പെട്ടവരും ആശുപത്രികളിൽ ചികിത്സ തേടി.