
അയൽവാസിയുടെ കാരുണ്യത്തിൽ താത്കാലികാശ്വാസം
തിരുവനന്തപുരം: കോടതി വിധിയെ തുടർന്ന് വൃദ്ധയെയും കുടുംബത്തെയും വഞ്ചിയൂർ മള്ളൂർ റോഡിലെ വീട്ടിൽ നിന്ന് സഹോദരങ്ങൾ പുറത്താക്കി. 35 വർഷമായി താമസിക്കുന്ന വീട്ടിൽ നിന്ന് പോകില്ലെന്ന് പറഞ്ഞ വൃദ്ധ മണിക്കൂറോളം വീട്ടുപടിക്കൽ കുത്തിയിരുന്നു. മള്ളൂർ റോഡ് കൃഷ്ണമന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ രാധയെയാണ് (82) രണ്ട് സഹോദരങ്ങൾ പുറത്താക്കിയത്.
രാധയുടെ മകളായ ജീന ആർ.സി.സിയിൽ ചികിത്സയിലാണ്. മറ്റൊരു മകളായ സിന്ധു സഹോദരിക്ക് കൂട്ടിരിക്കുകയാണ്. ഈ അവസ്ഥയിൽ രാധയെ മറ്റൊരിടത്തേക്കും മാറ്റാൻ കഴിയില്ലെന്നാണ് മകന്റെ നിലപാട്. രാത്രി 11ഓടെ അയൽവാസിയുടെ കാരുണ്യത്തിൽ അവരുടെ വീട്ടിലേക്ക് വൃദ്ധയെയും കുടുംബത്തെയും മാറ്റി. അഞ്ചു സെന്റ് സ്ഥലത്തുള്ള വീടിന് ഇരുനിലകളുണ്ട്. മകൻ സുരേഷ്‌കുമാറും കുടുംബവുമൊത്ത് മുകളിലത്തെ നിലയിലാണ് രാധ താമസിച്ചിരുന്നത്. വീടിന് അവകാശവാദമുന്നയിച്ച് സഹോദരങ്ങൾ 16 വർഷമായി വഞ്ചിയൂർ കോടതിയിൽ കേസ് നടത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസിന്റെ സഹായത്തോടെയാണ് കുടുംബത്തെ വീട്ടിൽ നിന്ന് ഒഴിപ്പിച്ചത്. ഉച്ചയ്‌ക്ക് മൂന്നോടെ സാധനങ്ങളെല്ലാം മാറ്റി. എന്നാൽ വീടുവിട്ട് പോകാൻ കൂട്ടാക്കാതെ രാധ വാതിലിന് മുന്നിൽ കസേരയിട്ടിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ ഒത്തുതീർപ്പ് ശ്രമം ഫലം കണ്ടില്ല. ഇവരെ വീട്ടിൽ കയറ്റാൻ കഴിയില്ലെന്ന നിലപാടാണ് സഹോദരങ്ങൾക്കുള്ളതെന്നാണ് വിവരം. ചില സന്നദ്ധസംഘടനകൾ താത്കാലികമായി ഇവരെ മാറ്റിപ്പാർപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.