
തിരുവനന്തപുരം: വസ്തുതരംമാറ്റം അടക്കമുള്ള സേവനങ്ങളിൽ ഉദ്യോഗസ്ഥരുടെ ക്രമക്കേട് സംബന്ധിച്ച് പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്താൻ റവന്യുവകുപ്പ്. വകുപ്പ് മന്ത്രി കെ.രാജന്റെ നിർദ്ദേശാനുസരണം ജൂലായിൽ പ്രത്യേക യോഗം ചേർന്ന് ഇതേക്കുറിച്ച് ചർച്ച നടത്തിയെങ്കിലും തുടർ നടപടികൾ സ്വീകരിക്കാനായില്ല.
നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ച് മൂന്ന് വിജിലൻസ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഡെപ്യൂട്ടി കളക്ടർമാർക്കാണ് ഓരോ യൂണിറ്റിന്റെയും ചുമതല. ഇവരെ കൂടാതെ ഒരു സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ക്ളാർക്ക് അടക്കമുള്ള ജീവനക്കാരാണ് ഓരോ യൂണിറ്റിലുമുള്ളത്. ക്രമക്കേട് സംബന്ധിച്ച പരാതികൾ അന്വേഷിക്കുക, റവന്യു ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തുക തുടങ്ങിയ ജോലികളാണ് ഇവർ ചെയ്യുന്നത്. വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ അടക്കം വകുപ്പുതല നടപടികളും സ്വീകരിക്കാറുണ്ട്.
ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളും കൈക്കൂലിയും സംബന്ധിച്ച് കണ്ടെത്തിയിട്ടുള്ള കേസുകളുടെ കണക്കുകളും ശേഖരിച്ചു വരുന്നുണ്ട്.