തിരുവനന്തപുരം: വലിയതുറ വനിത എസ്.ഐ അലീന സൈറസിനെ വഞ്ചിയൂർ കോടതിയിൽ വച്ച് അഭിഭാഷക സംഘം മർദ്ദിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടവരുടെ വിവരം ശേഖരിച്ച് പൊലീസ്. ഇതിനുശേഷമാണ് തുടർനടപടി സ്വീകരിക്കുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കോടതി വളപ്പിലുണ്ടായ സംഭവമായതിനാൽ കേസ് ഏത് രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്നുള്ളതിൽ പൊലീസ് നിയമോപദേശം തേടാനാണ് സാദ്ധ്യത. നിലവിൽ പ്രതികളായ 20 അഭിഭാഷകർക്കെതിരെ വനിതയെ അപമാനിക്കുക,മോശമായി പെരുമാറുക, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തരിക്കുന്നത്. അഭിഭാഷകർക്കെതിരെ മറ്റ് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ഉൾപ്പെടുള്ള നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് പൊലീസ് നിലപാട്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടിന് കാണാതായ സ്ത്രീയെ കോടതിയിൽ ഹാജരാക്കാനെത്തിയപ്പോഴാണ് വനിത എസ്.ഐയെ അഭിഭാഷക സംഘം മർദ്ദിച്ചത്. സംഭവത്തിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ പ്രണവ്, സെറീന, മുരളി എന്നിവരെ വനിതാ എസ്.ഐ ഇന്നലെ തന്നെ തിരിച്ചറിഞ്ഞ് പൊലീസിനോട് പറഞ്ഞിരുന്നു. അസഭ്യം പറഞ്ഞതിന് അഭിഭാഷകനായ പ്രണവിനെതിരെ അലീന മജിസ്‌ട്രേട്ടിന് ഇന്നലെ തന്നെ പരാതി നൽകി.
സാധാരണ നിലയിൽ പരാതി ലഭിച്ചാലുടൻ തുടർ നടപടികൾക്ക് മജിസ്ട്രേറ്റ് നിർദ്ദേശം നൽകണമെന്നാണ് ചട്ടം. എന്നാൽ ഇന്നലെ എസ്.ഐയുടെ പരാതി പരിഗണിക്കുന്നത് മാറ്റിവച്ചു. വനിതാ എസ്.ഐ മർദ്ദിച്ചെന്നാരോപിച്ച് അഭിഭാഷകയായ സെറീന ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ഈ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറും.
കേസിന് വന്ന സ്ത്രീയെയും അഭിഭാഷകർ
തടഞ്ഞുവച്ചതായി ആക്ഷേപം
കാണാതായ സ്ത്രീയെ ഹാജരാക്കാനെത്തിയ എസ്.ഐയെ മർദ്ദിച്ചതിൽ വീണ്ടും പുതിയ ആക്ഷേപം. കാണാതായ സ്ത്രീയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയശേഷം മടങ്ങിപ്പോകാൻ നേരം അവരെയും കൂടെയുള്ളവരെയും അഭിഭാഷക സംഘം തടഞ്ഞുനിറുത്തിയെന്നാണ് ആരോപണം. വനിത എസ്.ഐയുടെ കൂടെ വന്നവർ ഇപ്പോൾ പോകണ്ട എന്ന് പറഞ്ഞ് തടഞ്ഞെന്നാണ് പരാതി.
പ്രതികളിൽ നിന്നുപോലും മോശം
പെരുമാറ്റം ഉണ്ടായിട്ടില്ല: വനിത എസ്.ഐ
തന്റെ നാലുവർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ പ്രതികളിൽ നിന്ന് പോലും ഇത്തരം മോശം അനുഭവമുണ്ടായിട്ടില്ലെന്ന് വനിത എസ്.ഐ അലീന സൈറസ് പറഞ്ഞു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പൊലീസാണെന്നും വനിതയെന്നും പരിഗണന നൽകാതെയാണ് ഒരു സ്ത്രീയും 19 പുരുഷ അഭിഭാഷകരും തന്നെ ആക്രമിച്ചതും അസഭ്യം പറഞ്ഞതും. കോടതി വളപ്പ് അവരുടെ സാമ്രാജ്യമാണെന്നാണ് അവർ പറയുന്നത്. നീതി നടപ്പാക്കേണ്ട സ്ഥലത്ത് എല്ലാവരും തുല്യരാണ്. എന്ത് പ്രതിബന്ധമുണ്ടായാലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അലീന സൈറസ് പറഞ്ഞു.