jalavitharanam

ആറ്റിങ്ങൽ: വർക്കല ജല വിതരണ പദ്ധതിയുടെ അതിർത്തി നിർണയം പൂർത്തിയായി. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഒറ്റൂർ, ചെറുന്നിയൂർ, മണമ്പൂർ ഗ്രാമപഞ്ചായത്തുകൾക്കും വർക്കല നിയോജക മണ്ഡലത്തിലെ ചെമ്മരുതി, വെട്ടൂർ, ഇടവ, ഇലകമൺ, നാവായിക്കുളം പഞ്ചായത്തുകൾക്കും ജല വിതരണം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 352 കോടി രൂപയാണ് അടങ്കൽ തുക. പദ്ധതിയുടെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം കൊല്ലംപുഴ കടവിന് സമീപത്ത് കിണർ സ്ഥാപിച്ച്, അതിൽ നിന്നും ഒറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്ത് സജ്ജമാക്കുന്ന സംഭരണ പ്ലാന്റിൽ എത്തിച്ച് വിതരണം നടത്താനാണ് പദ്ധതി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സത്യബാബു, കേരള വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ പ്രസാദ്, അസിസ്റ്റന്റ് എൻജിനിയർ കൃഷ്ണ രാജ് തുടങ്ങിയവർ എം.എൽ.എ ഒ.എസ് അംബികയോടൊപ്പം പ്ലാന്റിന്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലം സന്ദർശിച്ചു. റവന്യൂ വാട്ടർ അതോറിട്ടി അധികാരികൾ സ്ഥലത്തെത്തി പ്രവർത്തനത്തിനാവശ്യമായ സ്ഥലത്ത് അതിർത്തി കല്ലുകൾ സ്ഥാപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിച്ച് പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അംബിക എം.എൽ.എ അറിയിച്ചു.