rajesh

തിരുവനന്തപുരം: ഒപ്പം കഴിഞ്ഞിരുന്ന ഹോം നഴ്സിനെ കഴിഞ്ഞ 15ന് പേരൂർക്കട വഴയിലയിൽ നടുറോഡിൽ വെട്ടിക്കൊന്ന കേസിൽ റിമാൻഡിലായിരുന്ന പ്രതി പത്തനാപുരം പുന്നലകടശേരി കൈതകെട്ട് പൂവണംമൂട് വീട്ടിൽ രാജേഷിനെ (46) പൂജപ്പുര ജില്ലാ ജയിലിലെ ടോയ്ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബി ബ്ലോക്കിൽ ഗ്രൗണ്ട് ഫ്ലോറിലെ സെല്ലിലെ ടോയ്‌ലെറ്റിൽ ഇന്നലെ പുലർച്ചെ രണ്ടോടെ മൂത്രമൊഴിക്കാൻ എത്തിയ മറ്റൊരു തടവുകാരനാണ് ആദ്യം കണ്ടത്. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ടോയ്ലെറ്റ് പൈപ്പിലെ ബെന്റിനിടയിൽ ഉടുത്തിരുന്ന കൈലി കൊണ്ട് കുരുക്കുണ്ടാക്കി യൂറോപ്യൻ ക്ലോസറ്റിൽ കയറി നിന്ന് തൂങ്ങുകയായിരുന്നു എന്ന് ജയിലധികൃതർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊലക്കേസിൽ റിമാൻഡ് നടപടികൾ പൂർത്തിയാക്കി 16ന് പുലർച്ചെ 12.45നാണ് ജില്ലാ ജയിലിൽ എത്തിച്ചത്. അപ്പോൾമുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് ജയിൽ അധികൃതർ പറയുന്നു. എന്നാൽ, നിരീക്ഷിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നില്ല. അതിനാൽ, സംഭവത്തിൽ ജയിലിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന ആക്ഷേപം ശക്തമായി.

ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് സൗത്ത് സോൺ ജയിൽ ഡി.ഐ.ജി നിർമ്മാലാനന്ദൻ പറഞ്ഞു. ബി ബ്ലോക്കിലെ സെല്ലിൽ രാജേഷ് അടക്കം 25 തടവുകാരാണ് ഉണ്ടായിരുന്നത്. പന്ത്രണ്ടു വർഷം ഒരുമിച്ച് താമസിച്ചശേഷം പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് നന്ദിയോട് പച്ച പയറ്റടി തടത്തരികത്ത് വീട്ടിൽ സിന്ധുവിനെ (50) ഇയാൾ വെട്ടിക്കൊലപ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.