
തിരുവനന്തപുരം: ബഫർസോണുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തെറ്റായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിർമ്മിതി കളും ഉൾപ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീൽഡ് സർവേയിൽ കൂട്ടിച്ചേർക്കുമെന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നൽകും. ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ നിലപാട് സ്വീകരിച്ചിരിക്കെ തെറ്റായ
പ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുത്. ഇത്തരക്കാരുടെ താത്പര്യം തിരിച്ചറിയണം.
ബഫർസോൺ: സർക്കാരിന് അഹന്തയെന്ന് വി. മുരളീധരൻ
ഒരിഞ്ച് ഭൂമിക്ക് ലക്ഷങ്ങൾ വിലയുള്ള നാട്ടിൽ ഉപഗ്രഹസർവേനടത്തി അതിര് നിശ്ചയിക്കുന്നവരുടെ ധാർഷ്ട്യം ചില്ലറയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബഫർസോൺ വിഷയത്തിൽ പിണറായി സർക്കാരിന്റെ നിരുത്തരവാദിത്വവും അഹന്തയുമാണ് ദൃശ്യമാകുന്നത്. ഉപഗ്രഹ സർവേയല്ല, എത്രയുംവേഗം ഭൗതികപരിശോധന നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.
സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ വളരെക്കുറച്ച് സമയമേയുള്ളൂ എന്നിരിക്കെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ നീങ്ങണം.
ഉത്തരേന്ത്യൻ കർഷകരുടെ മാത്രമല്ല, മലയോര കർഷകരുടെ കണ്ണീർകൂടി കാണാൻ കേരളത്തിലെ ഭരണകക്ഷിക്ക് കഴിയണം. മലയോരജനതയെ സമരപാതയിലേക്ക് തള്ളിവിടരുത്.
കിടപ്പാടം സംബന്ധിച്ച ആശങ്ക കേരളജനതയുടെ ഉറക്കംകെടുത്തുകയാണ്. ഒന്നുകിൽ സിൽവർ ലൈൻ, അല്ലെങ്കിൽ ബഫർസോൺ എന്നതായി സ്ഥിതി. വികസനാവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുകയോ പരിസ്ഥിതി സംരക്ഷിക്കുകയോ ചെയ്യുന്നതിന് എതിരല്ല മലയാളികൾ. പക്ഷേ സർക്കാരുകൾക്ക് അവരെ വിശ്വാസത്തിലെടുക്കാനാവണമെന്നും പോസ്റ്റിൽ പറയുന്നു.
പുതിയ റിപ്പോർട്ട് സമർപ്പിക്കും- വനംമന്ത്രി
ബഫർ സോൺ വിഷയത്തിൽ നിലവിലെ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ലെന്നും സംശയങ്ങൾ ദൂരീകരിച്ച് പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. നിലവിലെ ഉപഗ്രഹ സർവേയിൽ അപാകതകൾ നിലനിൽക്കുന്നുണ്ട്. ആവശ്യമെങ്കിൽ റവന്യു വകുപ്പിന്റെ സഹായം തേടുകയും ഫീൽഡ് സർവേ നടത്തുകയും ചെയ്യും. പ്രായോഗികമായ ഏത് നിർദ്ദേശത്തെയും സ്വീകരിക്കാൻ സർക്കാർ തയ്യാറാണ്.
അവ്യക്തമായ മാപ്പ് നോക്കി സാധാരണക്കാരന് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പഞ്ചായത്തുകളെ കൊണ്ട് പരിശോധിപ്പിക്കാം. അപാകത ഉണ്ടാകാൻ സാദ്ധ്യതയുള്ളതുകൊണ്ടാണ് ആ റിപ്പോർട്ട് സമർപ്പിക്കാത്തത്. ഇപ്പോൾ പരാതികൾ സമർപ്പിക്കാനുള്ള അവസരമാണ്. അതിനുള്ള തീയതി നീട്ടാനുള്ള തീരുമാനം ഉടൻ ഉണ്ടാകും.
ബഫർസോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ കാലാവധി രണ്ടുമാസം നീട്ടിയിട്ടുണ്ട്. സമിതിക്ക് രണ്ടു മൂന്ന് സിറ്റിംഗ് ആവശ്യമായി വരും. സർക്കാരിൽ വിശ്വാസ്യത നഷ്ടമായെന്ന് താമരശ്ശേരി ബിഷപ്പ് പറയുമെന്ന് കരുതുന്നില്ല. ബിഷപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണ്.