5 ലക്ഷത്തിലധികം കാഴ്ചക്കാരുമായി
തുനിവിൽ മഞ്ജു പാടിയ ഗാനം
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ബത്ലഹേമിൽ. സ്റ്റേജ് ഷോയുടെ ഭാഗമായാണ് മഞ്ജു വാര്യർ ബത്ലഹേമിൽ എത്തിയത്. അനുസിതാര, രമേഷ് പിഷാരടി, മിഥുൻ രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മഞ്ജു വാര്യർക്കൊപ്പമുണ്ട്.
ഇത്തവണ മഞ്ജു വാര്യരുടെ ക്രിസ്മസ് ബത്ലഹേമിലാണ്. ബത്ലഹേം വീഥികളിൽ ചുറ്റിക്കറങ്ങുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ക്രിസ്മസിനുശേഷം മഞ്ജു വാര്യരും സംഘവും മടങ്ങും. മലയാളി പ്രേക്ഷകർ എന്നും നെഞ്ചോട് ചേർത്തുവയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് സമ്മർ ഇൻ ബത്ലഹേം. ഒരു അവധിക്കാലം ആഘോഷിക്കാൻ ഡെന്നീസിന്റെ ബത്ലഹേമിൽ എത്തിയ ആമി മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. യഥാർത്ഥ ബത്ലഹേമിൽ മഞ്ജുവാര്യർ എത്തിയിരിക്കുകയാണെന്ന് ആരാധകർ. അതേസമയം പുതുവർഷ ആരംഭത്തിൽ മലയാളത്തിലും തമിഴിലുമായി രണ്ട് ചിത്രങ്ങളാണ് മഞ്ജു വാര്യർ നായികയായി റിലീസിന് ഒരുങ്ങുന്നത്. അജിത്തിനൊപ്പം അഭിനയിച്ച തുനിവ് ജനുവരി 12ന് റിലീസ് ചെയ്യും. തുനിവിൽ മഞ്ജു വാര്യർ ആലപിച്ച കാസേത്താൻ കടവുൾഡാ എന്ന ഗാനംപുറത്തുവിട്ട് അരമണിക്കൂറിനുള്ളിൽ അഞ്ചുലക്ഷത്തിലധികം പേരാണ് കണ്ടത്.ജിബ്രാൻ സംഗീത സംവിധാനം ഒരുക്കിയ ഗാനം വൈശാഖാണ് എഴുതിയത്.
മഞ്ജുവും വൈശാഖും ജിബ്രാനും ചേർന്നാണ് ആലപിച്ചത്.
മഞ്ജു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ 20ന് റിലീസ് ചെയ്യും. പൂർണമായും ഗൾഫ് നാടുകളിൽ ചിത്രീകരിച്ച മഞ്ജു വാര്യർ ചിത്രമാണ് ആയിഷ. സൗബിൻ ഷാഹിറിനൊപ്പം അഭിനയിച്ച വെള്ളരിപട്ടണം ഫെബ്രുവരി റിലീസായി ഒരുങ്ങുന്നുണ്ട്.