divyab-jyothi

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉന്നത ഉദ്യോഗസ്ഥൻ വ്യാജ ഇന്റർവ്യു ഉൾപ്പെടെ നടത്തി ലക്ഷങ്ങൾ തട്ടിയ കേസിലെ ഒന്നാം പ്രതി ദിവ്യ ജ്യോതി അറസ്റ്റിൽ. കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി ഉറപ്പ് നൽകി 2020ൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പിരപ്പൻകോട് സ്വദേശിനിയുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസാണ് സ്റ്റ്യാച്യു പുന്നൻ റോഡ് ഗോകുലത്തിൽ ദിവ്യ ജ്യോതിയെ (41) കസ്റ്റഡിയിലെടുത്തത്. പലരിൽ നിന്നായി 1.5കോടി രൂപ വാങ്ങിയെന്ന് ദിവ്യ സമ്മതിച്ചു.

ദിവ്യയുടെ ഭർത്താവ് രാജേഷ്, ഇന്റർവ്യു നടത്തിയ ടെറ്റാനിയത്തിലെ ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പി, ഇദ്ദേഹത്തിന്റെ സഹപാഠിയായ മണക്കാട് തോട്ടം കുമാരമംഗലത്ത് ബംഗ്ളാവിൽ ശ്യാംലാൽ, ഇയാളുടെ സുഹൃത്ത് തിരുമല വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന പ്രേംകുമാർ എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

റിമാൻഡിലായ ദിവ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മറ്റു പ്രതികൾക്ക് പണം എങ്ങനെ കൈമാറി എന്നതടക്കം മനസിലാക്കി തെളിവ് ശേഖരിച്ചശേഷം അവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഉദ്യോഗാർത്ഥികളിൽ നിന്ന് ദിവ്യ പണം കൈപ്പറ്റിയിരുന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്.

കഴിഞ്ഞമാസം 22ന് വെഞ്ഞാറമൂട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. 10ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്ക്കകം സ്വദേശിനിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത വിവരം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് അന്വേഷണം വേഗത്തിലായത്. കന്റോൺമെന്റ് പൊലീസ് ഒക്ടോബർ ആറിന് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും പരാതിക്കാരി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതല പൂജപ്പുര എസ്.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി.

എന്നാൽ കന്റോൺമെന്റ് കേസിൽ ദിവ്യജ്യോതി മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ചോദ്യം ചെയ്യൽ മാത്രമാണ് നടന്നത്. വെഞ്ഞാറമൂട്ടിലെ കേസിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകില്ലെന്ന് കരുതിയ ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല. സംഭവം പുറത്തുവന്നതോടെ കന്റോൺമെന്റ്, പൂജപ്പുര സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി പേർ പരാതിയുമായി എത്തി. തട്ടിപ്പിൽ ചില രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.