p

തിരുവനന്തപുരം: കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് നാഷണൽ അക്രഡിറ്റേഷൻ ലബോറട്ടറീസ് ബോർഡിന്റെ അംഗീകാരം ലഭിച്ച 82 ലാബുകൾ 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളയമ്പലം ജലഭവനിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിംഗ് എടുക്കാവുന്ന സെൽഫ് മീറ്റർ റീഡിംഗ് ആപ്പ്, മീറ്റർ റീഡർമാർക്കുള്ള മീറ്റർ റീഡർ ആപ്പ് എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.

157.78 കോടി ചെലവിട്ടാണ് ലാബുകൾ നവീകരിച്ചത്. ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉൾപ്പെടെ പരിശോധിക്കാം. ഇതിനായി വാട്ടർ അതോറിട്ടിയുടെ qpay.kwa.kerala.gov.in എന്ന വൈബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നിശ്ചിത തുക ഫീസടയ്ക്കണം. കുടിവെള്ളത്തിന്റെ രാസ ഭൗതിക പരിശോധനയ്ക്കായി അന്നു ശേഖരിച്ച രണ്ടുലിറ്റർ വെള്ളവും ബാക്ടീരിയാ പരിശോധയ്ക്കായി അണുവിമുക്ത ബോട്ടിലിൽ 100 മില്ലിലിറ്റർ വെള്ളവും എത്തിക്കണം.