illus1

തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപ്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള 21ന് ആരംഭിക്കും. വൈകിട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പമേള ഉദ്ഘാടനം ചെയ്യും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വില്പനയ്ക്കും പുറമെ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും കാഴ്ചക്കാർക്ക് വിരുന്നൊരുക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ഓളം കലാകാരന്മാരും തിരുവനന്തപുരം ഫൈനാർട്സ് കോളേജിലെ 20ഓളം വിദ്യാർത്ഥികളുമാണ് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും ഒരുക്കുന്നത്. റിഗാറ്റ കൾച്ചറൽ സൊസൈറ്റിയുടെ 50-ാം വാർഷികാഘോഷങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ നിശാഗന്ധിയിൽ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽ.എം.എസ് മുതൽ പി.എം.ജി വരെയും, കോർപ്പറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും റോഡിന്റെ ഇരുവശങ്ങളും ഉദ്യാനം ഒരുക്കും.