p

തിരുവനന്തപുരം: രാജ്യത്തെ എൺപത് കോടി പേർക്ക് മാസം അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡുള്ള 1.54 കോടി പേർക്ക് ലഭിക്കുന്ന ആനുകൂല്യമാണിത്.

കൊവിഡ് കാല ഭക്ഷ്യക്ഷാമം നേരിടാൻ 2020 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. മുൻഗണന (പിങ്ക്, മഞ്ഞ) കാർഡിലുള്ള ഓരോ അംഗത്തിനും ആറു മാസത്തേക്ക് അഞ്ച് കിലോ ധാന്യം സൗജന്യമായി നൽകാനുള്ള പദ്ധതി ആറു വട്ടം നീട്ടി. അവസാനം നീട്ടിയത് ഈ മാസം തീരും. സൗജന്യം കിട്ടിയതോടെ മുൻഗണനാ വിഭാഗത്തിലെ 75% പേർ പൊതുവിപണിയെ ആശ്രയിക്കുന്നില്ലെന്നാണ് കേന്ദ്ര ധന വകുപ്പിന്റെ കണക്ക്. എല്ലാ മാസവും 90% പേർ സൗജന്യ ധാന്യം വാങ്ങുന്നുണ്ട്.

അഞ്ചാം കലാവധി സെപ്തംബറിൽ തീർന്നപ്പോൾ പദ്ധതി നീട്ടിയില്ലെങ്കിൽ, വൻ വിലക്കയറ്റം ഉണ്ടാവുമെന്ന് ആശങ്കയറിയിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. തുടർന്നാണ് ഡിസംബർ വരെ നീട്ടിയത്. പാർലമെന്റിൽ ബുധനാഴ്ച ചോദ്യമുണ്ടായപ്പോൾ കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ പദ്ധതി നീട്ടുന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല. പകരം മൂന്നു മാസത്തേക്ക് തുടങ്ങിയ പദ്ധതി രണ്ട് വ‌ർഷവും ഒൻപത് മാസവും നീട്ടിയതിന്റെ കണക്കാണ് വിശദമാക്കിയത്.

വിലക്കയറ്റ ഭീഷണി

മട്ട,ആന്ധ്ര വെള്ള അരിയുടെ വില കിലോഗ്രാമിന് 60 കടന്നത് 55ൽ താഴെയായി. റേഷൻ കടകളിൽ സൗജന്യ അരി നിലയ്ക്കുമ്പോൾ കൂടുതൽ പേർക്ക് പൊതുവിപണിയെ ആശ്രയിക്കണം. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് ആശങ്ക.

''അരി വില വർദ്ധന ഒഴിവാക്കാൻ പി.എം.ജി.കെ.വൈ പദ്ധതി തുടരണം. ഇതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം''-

ടി.മുഹമ്മദാലി

ജനറൽ സെക്രട്ടറി,

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ