
#ഗുരുദേവന്റെ ആശ്രമ സങ്കൽപ്പം സാക്ഷാത്കരിക്കാനാവട്ടെയെന്ന് സ്വാമി സച്ചിദാനന്ദ
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ആശ്രമ സങ്കല്പം സാക്ഷാത്കരിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ശുഭാംഗാനന്ദ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജീവിത സായാഹ്നത്തിൽ ധർമ്മസംഘം സ്ഥാപിക്കുമ്പോൾ ഗുരുദേവന് വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. സംഘത്തിന്റെ നിയമാവലിയെന്ന നിലയിലാണ് ആശ്രമം എന്ന കൃതി ഗുരുദേവൻ രചിച്ചതെന്നും, സ്വാമി ശുഭാംഗാനന്ദയ്ക്ക് ശിവഗിരി മഠത്തിൽ വച്ച് വർക്കല പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സമ്മേളനം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിന്റെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാൻ സ്വാമി ശുഭാംഗാനന്ദയ്ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വർക്കല പൗരാവലിക്കു വേണ്ടി നഗരസഭ അദ്ധ്യക്ഷൻ കെ.എം.ലാജി സ്വാമി ശുഭാംഗാനന്ദയെ പൊന്നാട അണിയിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, വർക്കല കഹാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.അനിൽകുമാർ, മുൻ ജില്ലാപഞ്ചായത്തംഗം വി.രഞ്ജിത്ത്, വോയ്സ് ഓഫ് വർക്കല ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ, ശ്രീനാരായണ സാംസ്കാരിക സമിതി ദേശീയ സെക്രട്ടറി വി.ശശിധരൻ, മുൻ നഗരസഭ ചെയർമാൻ സൂര്യപ്രകാശ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം, മോഹൻദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ അഡ്വ.കൃഷ്ണമോഹൻ, സ്വീകരണ കമ്മിറ്റി കൺവീനർ അരുൺകുമാർ എന്നിവർ സംസാരിച്ചു. സ്വാമി ശുഭാംഗാനന്ദ മറുപടി പറഞ്ഞു.. നിരവധി സംഘടനാ ഭാരവാഹികൾ സ്വാമി ശുഭാംഗാനന്ദയെ പൊന്നാടയണിയിച്ചു.
ഫോട്ടോ: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്ക് വർക്കല പൗരാവലി ശിവഗിരിയിൽ നൽകിയ സ്വീകരണസമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി ശാരദാനന്ദ, സ്വാമി ശുഭാംഗാനന്ദ, നഗരസഭ ചെയർമാൻ കെ.എം.ലാജി, ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, വർക്കല കഹാർ തുടങ്ങിയവർ സമീപം.