
വർക്കല: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള ഗാന്ധി സ്മാരക നിധിയുടെയും 70-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്റ്യ സ്മൃതിയാത്രയുടെ രണ്ടാം ദിന പര്യടനം ശിവഗിരി വൈദികമഠത്തിനു മുന്നിൽ സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്‌തു. ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണന് ദേശീയപതാക കൈമാറിയായിരുന്നു ഉദ്ഘാടനം. മഹാത്മാഗാന്ധിയുടെ ശിവഗിരി സന്ദർശനത്തോടെ സ്വാതന്ത്റ്യസമരത്തിന്റെ ദിശമാറിയത് സംബന്ധിച്ച് വ്യക്തമാക്കുന്ന ഗാന്ധിജിയുടെ ഡയറിക്കുറിപ്പുകൾ സബർമതി ആശ്രമം പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ടെന്ന് സ്വാമി ഋതംഭരാനന്ദ പറഞ്ഞു. സ്വാതന്ത്റ്യസമരസേനാനി ക്യാപ്ടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാർ, അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ, നഗരസഭ ചെയർമാൻ കെ.എം. ലാജി, പി.എം. ബഷീർ, ബി. ധനപാലൻ, കെ. സൂര്യപ്രകാശ്, എം.എൻ. റോയ് തുടങ്ങിയവർ പങ്കെടുത്തു. യുവാക്കളും വിദ്യാർത്ഥികളുമടക്കം 30 പേരാണ് സ്മൃതിയാത്രയിൽ പങ്കെടുക്കുന്നത്. ശിവഗിരിയിൽ നിന്ന് പര്യടനം ആരംഭിച്ച സ്മൃതിയാത്ര വക്കം മൗലവിയുടെയും വക്കം ഖാദറിന്റെയും സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുകയും അഞ്ചുതെങ്ങ് കോട്ട, ആറ്റിങ്ങൽ കലാപഭൂമി, കല്ലറപാങ്ങോട്, വട്ടിയൂർക്കാവ് സ്വാതന്ത്റ്യസമര സ്മാരകങ്ങൾ സന്ദർശിച്ച ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. അവിടെ 75 മൺചിരാതുകളിൽ തിരി തെളിച്ചു.
ക്യാപ്ഷൻ: സ്വാതന്ത്റ്യ സ്മൃതിയാത്രയുടെ രണ്ടാം ദിവസ പര്യടനം ശിവഗിരി വൈദികമഠത്തിനു മുന്നിൽ വച്ച് ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണന് ദേശീയപതാക കൈമാറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യുന്നു. എം.എൻ.റോയ്, പി.എം.ബഷീർ, നഗരസഭ ചെയർമാൻ കെ.എം.ലാജി, വർക്കലകഹാർ, ടി.ശരത്ചന്ദ്രപ്രസാദ്, അനാമിക, സുമിപ്രസാദ് എന്നിവർ സമീപം.