
തിരുവനന്തപുരം: കൊവിഡാനന്തരം ടൂറിസത്തിലെ മികച്ച പ്രവർത്തനം നടത്തിയ കേരളത്തിന് ഇന്ത്യാ ടുഡേ പുരസ്‌കാരം. 90.5 പോയിന്റുമായാണ് കേരളം പുരസ്‌കാരത്തിന് അർഹമായത്. കാരവാൻ ടൂറിസമുൾപ്പെടെ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് തുടങ്ങിയ പദ്ധതികളാണ് കേരളത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
ലണ്ടനിൽ നടന്ന വേൾഡ് ട്രേഡ് മാർട്ടിൽ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ വാട്ടർ സ്ട്രീറ്റ് ജല സംരക്ഷണ മേഖലയിലെ മികച്ച പദ്ധതിയായും തിരഞ്ഞെടുക്കപ്പെട്ടു. ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തെയും അടയാളപ്പെടുത്തിയിരുന്നു. ട്രാവൽ പ്ളസ് ലിഷറിന്റെ വായനക്കാർ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതും കേരളത്തെയായിരുന്നു.
'കേരള ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ പുരസ്‌കാരം. സഞ്ചാരികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾ ടൂറിസം മേഖലയിൽ ആവിഷ്‌കരിക്കാൻ ഇത്തരം പുരസ്‌കാരങ്ങൾ പ്രജോദനമാകും. ടൂറിസം മേഖലയ്ക്കും സഞ്ചാരികൾക്കും സുരക്ഷിതത്വമേകി യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നൽകി. ഇതിലൂടെ ആഭ്യന്തര സഞ്ചാരികളിൽ റെക്കാഡ് നേട്ടം കൈവരിക്കാൻ കഴിഞ്ഞു. കാരവാൻ ടൂറിസത്തെ കേരളം സ്വീകരിച്ചു".
- പി.എ. മുഹമ്മദ് റിയാസ്, മന്ത്രി