
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയും വനം മന്ത്രിയും നിലപാട് വ്യക്തമാക്കിയതോടെ ആശങ്കയ്‌ക്ക് അറുതിയായെന്ന പ്രതീക്ഷയിലാണ് മലയോര ജനങ്ങൾ. കെസ്റക്ക് ( കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ ) തയ്യാറാക്കിയ ഉപഗ്രഹചിത്രം മാത്രമായി സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്നും ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയുടെ സ്ഥലപരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ സമർപ്പിക്കൂ എന്നുമാണ് സർക്കാർ വ്യക്തമാക്കിയത്.
ഇതോടെ ബഫർ സോൺ ആശങ്കയിലായ 115 പഞ്ചായത്തുകളിൽ തദ്ദേശവകുപ്പിന്റെ ഫീൽഡ് പരിശോധനയും കെട്ടിടങ്ങളുടെയും മറ്റും വിവര ശേഖരണവും ത്വരിതപ്പെടുത്തും. വിദഗ്ദ്ധ സമിതിയുടെ കാലാവധി നീട്ടി പരിഹാരം ഉണ്ടാക്കാനാണ് സർക്കാർ ശ്രമം. സർക്കാർ നടപടികളിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം.
നിർമ്മാണങ്ങളുടെ കണക്ക് ശേഖരിച്ച ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ വിട്ടുപോയ സ്ഥലങ്ങൾ കണ്ടെത്താൻ ഫലപ്രദമായ നടപടികൾ വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. പൂർണ റിപ്പോർട്ട് ലഭിച്ച ശേഷം റിപ്പോർട്ട് സുപ്രീം കോടതിയിലും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനും കേന്ദ്ര ഉന്നതാധികാര സമിതിക്കും നൽകും.
സംരക്ഷിത വനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ കരുതൽ മേഖല സംബന്ധിച്ച ആശങ്കയും പ്രതിസന്ധിയും പരിഹരിക്കാൻ 115 പഞ്ചായത്തുകളിലും ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ബഫർ സോൺ ഉൾപ്പെടുന്ന പ്രദേശത്തിന്റെ കെസ്റക് റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും ജനങ്ങൾക്ക് ഹെൽപ്പ് ഡെസ്‌കിൽ പരിശോധിക്കാം. തന്റെ വീടോ സ്ഥാപനങ്ങളോ ഉൾപ്പെട്ടില്ലെങ്കിൽ ഹെൽപ് ഡെസ്‌കിൽ തന്നെ പരാതിയും നൽകാം. പരാതിയിലെ കാര്യങ്ങൾ കുടുംബശ്രീയിലെ പരിശീലനം ലഭിച്ച അംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പാക്കും.
ഇനി പന്ത് വിദഗ്ദ്ധ സമിതിയുടെ കോർട്ടിൽ
റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചെയർമാനായ വിദഗ്ദ്ധ സമിതിയിൽ പരിസ്ഥിതി, തദ്ദേശ വകുപ്പുകളിലെ അഡി. ചീഫ് സെക്രട്ടറിമാർ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വനംവകുപ്പ് മുൻ മേധാവി ജയിംസ് വർഗീസ് എന്നിവരാണ് അംഗങ്ങൾ.
ഉപഗ്രഹ സർവേ റിപ്പോർട്ട് അന്തിമമല്ല -മുഖ്യമന്ത്രി
ബഫർ സോണിന്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അതുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് അന്തിമമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ കണ്ണൂർ പൊലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബഫർ സോൺ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നത് ജനതാത്പര്യം മുൻനിറുത്തി കോടതിയിൽ പറയാനും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും സർക്കാർ തയ്യാറായി. നേരത്തെ കോടതി ഉത്തരവിന്റെ ഭാഗമായി ഒരു റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് ഉപഗ്രഹ സർവേ നടത്തിയത്. സദുദ്ദേശ്യം മാത്രമാണതിന് പിന്നിൽ.
ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഉപഗ്രഹ സർവേയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ല എന്ന ബോധ്യത്തെത്തുടർന്ന് സർവേ ഫലം അന്തിമ രേഖയല്ലെന്ന നിലപാടെടുത്തു. പ്രാദേശിക പ്രത്യേകതകൾ പഠിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.
തദ്ദേശ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ വാർഡടിസ്ഥാനത്തിൽ രേഖപ്പെടുത്താൻ അവസരം നൽകി. ഇങ്ങനെ റിപ്പോർട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. നാടിന്റെയും ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കാൻ എല്ലാവരുടേയും പിന്തുണ വേണം.
'ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സർവേ അതേപടി വിഴുങ്ങില്ല. ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കും".
- മന്ത്രി എ.കെ.ശശീന്ദ്രൻ