p

തിരുവനന്തപുരം: അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി കേന്ദ്ര ജനറൽ ബോഡി യോഗം കൊയ്യം ജനാർദ്ദനനെ തിരഞ്ഞെടുത്തതായി സംഘടനയുടെ പത്രക്കുറിപ്പ് വന്നതിനു പിന്നാലെ നിഷേധക്കുറിപ്പുമായി അയ്യപ്പസേവാ സംഘം ദേശീയ പ്രസിഡന്റ് ഡോ. കെ. അയ്യപ്പൻ രംഗത്ത്. കൊയ്യം ജനാർദ്ദനൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ മറ്റ് ഭാരവാഹികളായി അഡ്വ. ആർ. മനോജ് പാല (വൈസ് പ്രസിഡന്റ്), പി. നരേന്ദ്രൻ നായർ (സെക്രട്ടറി), കെ. കൊച്ചുകൃഷ്ണൻ (ഓഫീസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായും അറിയിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു യോഗം നടക്കുകയോ ഭാരവാഹികളെ തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെ.അയ്യപ്പൻ പറയുന്നു. കേരള സംസ്ഥാന കൗൺസിലിന്റെ ഇത്തരത്തിലുള്ള ചെയ്തികൾ നിയമ വിരുദ്ധവും, സംഘടനാ വിരുദ്ധവും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ നിയമാവലിക്ക് എതിരുമാണ്. അഖില ഭാരത അയ്യപ്പസേവാ സംഘത്തിന്റെ പേരിൽ വിമത സ്വഭാവത്തിൽ അനധികൃതമായ യോഗം ചേർന്നതിനും, പത്രക്കുറിപ്പ് ഇറക്കിയതിനുമെതിരെ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നിന്ന് ഓർഡർ തിരുവനന്തപുരത്തെ സേവാസംഘം കേന്ദ്ര ഓഫീസ് നേടിയിട്ടുണ്ട്. കേരള സംസ്ഥാന കൗൺസിൽ പ്രസിഡന്റ് നരേന്ദ്രൻ നായരും ദേശീയ വൈസ് പ്രസിഡന്റ് കൊയ്യം ജനാർദ്ദനനും നിയമ വിരുദ്ധമായി യോഗം നടത്തിയതും മറ്റു ചെയ്തികളും അഖില ഭാരത അയ്യപ്പ സേവാ സംഘവുമായി ബന്ധപ്പെട്ടതല്ലെന്നും കെ. അയ്യപ്പൻ പറയുന്നു.