പാലോട്: ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം കാലൻകാവിലെ റോഡരികിൽ തള്ളി. നന്ദിയോട് പച്ച വലിയ വേങ്കാട്ടുകോണം അരുൺ നിവാസിൽ അരുണിനാണ് (29) പരിക്കേറ്റത്. സംഭവത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണെന്ന് നാട്ടുകാർ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ 2.30ഓടെ പാലോട് പൊലീസിന് ലഭിച്ച ഫോൺ സന്ദേശത്തിൽ ഒരാൾ അപകടത്തിൽപ്പെട്ട് വഴിയിൽ കിടക്കുന്നുവെന്നാണ് അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് അപകടമല്ലന്നും വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചതാണെന്നും അറിഞ്ഞത്. ലഹരി വില്പന അരുൺ തടഞ്ഞതിനെച്ചൊല്ലി രണ്ട് മാസം മുമ്പുണ്ടായ ചെറിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. അരുൺ മരിച്ചെന്ന് കരുതിയാണ് കാടിനോട് ചേർന്നുള്ള വനമേഖലയിൽ തള്ളിയെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലുള്ള അരുൺ അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പയറ്റടി, ക്ഷേത്രം - വലിയ വേങ്കാട്ടുകോണം റോഡ്, പയറ്റടി ഓട്ടുപാലം കല്ലണ റോഡ്, സ്വിമ്മിംഗ് പൂൾ പരിസരം എന്നിവിടങ്ങളിലാണ് ലഹരിമാഫിയ സംഘം തമ്പടിക്കാറുള്ളത്. ഓട്ടുപാലം കല്ലണയിൽ രണ്ടു ദിവസം മുമ്പ് ലഹരി ഉത്പന്നങ്ങൾ വില്പന നടത്തിയവരും ഉപയോഗിക്കാനെത്തിയവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. പൊലീസ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.