
അപകടം രാത്രി ഏഴിക്കര വീരൻപുഴയിൽ
പറവൂർ: ചെറുവഞ്ചിയിൽ പുഴയിൽ മീൻപിടിക്കാൻപോയ അച്ഛനും മകളും മുങ്ങിമരിച്ചു. ഏഴിക്കര കടക്കര നോർത്ത് കൊഴിപ്രം വീട്ടിൽ ബാബു (50), മകൾ നിമ്മ്യ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ കരയിൽനിന്ന് നൂറുമീറ്റർ അകലെയാണ് അപകടം. മത്സ്യത്തൊഴിലാളിയായ ബാബു ഉടക്കുവല ഉപയോഗിച്ചാണ് മീൻപിടിക്കുന്നത്. ശനിയാഴ്ച രാവിലെ പുഴയിൽ വലയിട്ടെങ്കിലും മീൻകുടുതൽ കുടുങ്ങിയില്ല. രാത്രി ഒമ്പതരയോടെ വലയെടുക്കാൻ പോയപ്പോൾ മകളും സഹായത്തിനുകൂടി. വലയിടുന്നതിനും പൊക്കുന്നതിലും നല്ലവശമുണ്ടായിരുന്ന നിമ്മ്യ അച്ഛനെ സഹായിക്കാൻ പോകാറുണ്ടായിരുന്നു. പുഴയിൽ നിന്ന് രക്ഷിക്കണേയെന്ന നിലവിളികേട്ട് നിരവധി പേർ വഞ്ചിയിൽ പുഴയിൽ രക്ഷിക്കാനിറങ്ങി. ആദ്യം ബാബുവിനെയും പിന്നീട് നിമ്മ്യയെ കണ്ടെത്തി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുപേർക്കും നീന്തൽ അറിയാമായിരുന്നു. വല വലിക്കുന്നതിനിടെ ഒരാൾ പുഴയിൽ വീണിട്ടുണ്ടാകുമെന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേരും പുഴയിൽ മുങ്ങിപ്പോയതാണെന്നുമാണ് കരുതുന്നത്. വഞ്ചി പുഴയുടെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയി. കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ. വിനീതയാണ് ബാബുവിന്റെ ഭാര്യ. മിഥുൻ മകൻ.