തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ ഹോംനഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിന്റെ ആത്മഹത്യ പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെ. ശനിയാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹത്തിൽ അസ്വഭാവികതയൊന്നുമില്ലെന്നും പേരൂർക്കട പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസമയം റിമാൻ‌ഡ് ബ്ലോക്കിലെ പ്രതിയുടെ ആത്മഹത്യയിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായി. ആദ്യമായി ജയിലിലെത്തുന്നവർ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാതെ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നത് സാധാരണയാണ്. ജയിലിലെത്തുന്നവരെ നിരീക്ഷിക്കുകയും ഇവർക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം ഉറപ്പാക്കുകയും ചെയ്യാറുണ്ട്. വെൽഫെയർ ഓഫീസർമാരോ റീജിയണൽ വെൽഫെയർ ഓഫീസർമാരോ തടവുകാരുമായി ഇടപഴകി കൗൺസിലിംഗ് ആവശ്യമുള്ളവരെ കണ്ടെത്തി സൗകര്യം നൽകണമെന്നാണ് നിർദ്ദേശം. സ്ഥിരമായി സൈക്കോളജിസ്റ്റുകളുടെ സഹായം ലഭിക്കാത്തതും ഇത്തരം വീഴ്ചകൾ ജയിലുകളിൽ ആവർത്തിക്കുന്നതിന് കാരണമാണ്.