തിരുവനന്തപുരം: മോഡൽ സ്‌കൂളിൽ നിന്നും തമ്പാനൂർ ബസ്‌റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകുന്ന പ്രധാന റോഡിന്റെ ഇരുഭാഗങ്ങളിലുമായി അപകടനിലയിലായ മാൻഹോളുകളുടെ നിർമ്മാണം ജനുവരി 4ന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു. റോഡിന് ഇരുവശത്തുമുള്ള സ്ഥാപനങ്ങളിൽ പോകേണ്ട അത്യാവശ്യക്കാരുടെ വാഹനങ്ങൾ ഐ.ഡി കാർഡ് കാണിച്ചാൽ കടത്തിവിടും. സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണ് ഗതാഗത സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.നിരവധി ട്രാഫിക് വാർഡൻമാരെ നിയോഗിച്ചിട്ടുണ്ട്.അത്യാവശ്യമായി ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെ ക്രമീകരിച്ചുതന്നെ പോകുന്നതിന് വേണ്ട നടപടി അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ സ്വീകരിച്ചിട്ടുണ്ട്.
റോഡിലെ പാർക്കിംഗ് തത്കാലത്തേക്ക് ഒഴിവാക്കും. കെ.എസ്.ആർ.ടി.സി തമ്പാനൂർ ഡിപ്പോയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാബസുകളും ഈ റോഡിലൂടെ വരുന്ന മറ്റു വാഹനങ്ങളും എം.ജി റോഡുവഴിയാണ് പോകേണ്ടത്. റോഡിന്റെ കിഴക്ക് വശത്താണ് അപകട നിലയിലായിരിക്കുന്ന മാൻഹോളുള്ളത്. തമ്പാനൂർ നിന്ന് കിഴക്കോട്ട് പോകുന്ന വാഹനങ്ങൾ പടിഞ്ഞാറുവശത്തുകൂടി പഴയതു പോലെ വൺവേയായി പോകാൻ സാധിക്കും. എന്നാൽ തമ്പാനൂരിലേക്ക് വടക്കുനിന്നു വരുന്ന വാഹനങ്ങൾ കിഴക്കു വശത്തേക്ക് പോകാൻ സാധിക്കില്ല. ഈ വശത്തെ ഗതാഗതം നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരോധിച്ചിരിക്കുകയാണ്. എങ്കിൽ മാത്രമേ ഈ ജോലി പൂർണമാക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മാൻഹോളിന്റെ ചുറ്റും മണ്ണിളകി റോഡിനു നടുക്കായി ഗർത്തം ഉണ്ടാകുകയും റോഡു തന്നെ തകരുന്ന അവസ്ഥയിലുമാണ്. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെയാണ് അടിയന്തര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മാണം പുരോഗമിക്കുന്നു
നിരന്തരം ചോർച്ചയുണ്ടായിരുന്ന പഴയ രണ്ടു മാൻഹോളുകൾ പൊളിച്ച് നീക്കി കോൺക്രീറ്റ് ചെയ്ത് പുതിയ മാൻഹോളുകൾ നിർമ്മിക്കുയാണ് നിലവിൽ. രണ്ടര മീറ്ററോളം താഴ്ചയിലാണ് ഇവയുടെ നിർമ്മാണം. മൂന്ന് മീറ്റർ വ്യാസമുള്ള മൺ പൈപ്പുകൾ നിലവിൽ പ്രശ്നമൊന്നുമില്ല. രണ്ട് മാൻഹോളിന്റെയും മൂടി സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മാൻഹോളിന്റെ കോൺക്രീറ്റ് ജോലികൾ ഏകദേശം പൂർത്തിയായി. ഇതിൽ ഊറ്റ് വെള്ളം നിറഞ്ഞരിക്കുന്നതിനാൽ ഇവ പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇന്നലെ നടത്തിയിരുന്നു. രാത്രിയും പകലുമായാണ് നിർമ്മാണം. കുഴി രൂപപ്പെട്ചതിന് സമീപം ഹൈടെൻഷൻ വൈദ്യുതി ലൈൻ പോകുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് പ്രവൃത്തികൾ.