പൂവച്ചൽ: ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയെ മർദ്ദിച്ചതായി പരാതി. പൂവച്ചൽ പേഴുംമൂട് പുനക്കോട് ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ രാവിലെ 5.45ന് ക്ഷേത്രം തുറക്കാൻ എത്തിയ ക്ഷേത്ര പൂജാരി പത്മനാഭനാണ് (35) മൂവർ സംഘത്തിന്റെ മർദ്ദനമേറ്റത്.

പേഴുംമൂട് സ്വദേശികൾ രാവിലെ ക്ഷേത്രനടയിൽ നിൽക്കുകയും പോറ്റി എത്തുന്ന സമയം ഇയാളെ തടഞ്ഞു നിറുത്തി മാരകായുധങ്ങൾ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പദ്മനാഭൻ പോറ്റിയുടെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും അക്രമികൾ ഓടിമറഞ്ഞു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ച് പൊലീസിൽ വിവരം അറിയിച്ചത്. കാട്ടാക്കട പൊലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രകടനവും നടത്തി.