തിരുവനന്തപുരം: ഖത്തറിലെ സ്റ്റേഡിയത്തിൽ പന്തുരുണ്ടു തുടങ്ങിയതുമുതൽ ആർപ്പുവിളിച്ചും വീർപ്പടക്കിയും നഗരത്തിലെ ലൈവ് ബിഗ് സ്‌ക്രീനിംഗ് വേദികളിൽ ഫുട്‌ബാൾ മാമാങ്കം കണ്ടിരുന്ന ആരാധകർ,ഒടുവിൽ അർജന്റീന വിജയം കുറിച്ചതോടെ ആർത്തുല്ലസിച്ച് തെരുവിലേക്കിറങ്ങി.ബാൻഡ് മേളവും വാദ്യഘോഷങ്ങളുമായി തെരുവുകളെ ഇന്നലെ ഉത്സവ രാത്രിയാക്കി ആരാധകർ.ഫുട്‌ബാൾ 'ദൈവ'ത്തിന്റെ വിശ്വരൂപം കണ്ടവർക്ക് ഉത്സവ രാത്രിയായിരുന്നു ഇന്നലെ.
കളി തുടങ്ങി 22 -ാ മത്തെ മിനിറ്റിൽ മെസി ആദ്യ ഗോൾ പെനാൽറ്റിയിൽ നേടിയപ്പോൾ നഗരം ഇരമ്പിയാർത്തു. മെസിയുടെ ഗോൾ കാണാനായി കാത്തിരുന്ന ആയിരക്കണക്കിന് 'മെസി'മാർക്ക് ഇരിപ്പുറച്ചില്ല.അന്തരീക്ഷത്തിലേയ്ക്ക് കൈയുയർത്തി ആഹ്ളാദത്തോടെ അവർ നൃത്തം ചവുട്ടി.രണ്ടാം ഗോൾ ഡി മരിയ നേടിയപ്പോഴാകട്ടെ ആവേശം കൊടുമുടിയിലെത്തി.
എന്നാൽ 80 -ാ മത്തെ മിനിറ്റിലും 82 -ാ മത്തെ മിനിറ്റിലും എംബാപ്പേ നേടിയ രണ്ടു ഗോളുകൾ കളിയുടെ ഗതി മാറ്റി.അതുവരെ വീർപ്പുമുട്ടിയിരുന്ന ഫ്രാൻസിന്റെ ആരാധകരും ഫൈനലിൽ എത്താതെ പുറത്തുപോയ ബ്രസീലിന്റെയും പോർച്ചുഗലിന്റെയും ആരാധകരും ഫ്രാൻസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.രണ്ടു ഗോളുകൾ വീതം നേടി സമനില കാത്ത ഇരു ടീമുകളും എക്സട്രാടൈമിൽ പ്രതീക്ഷയർപ്പിച്ചു. മെസി നേടിയ മൂന്നാമത്തെ ഗോളോടെ വിജയം അർജന്റീനയ്‌ക്കൊപ്പമെന്ന് തോന്നിപ്പിച്ചെങ്കിലും എംബാപ്പേ നേടിയ പെനാൽറ്റി ഗോൾ കളിയുടെ ഗതി മാറ്റി.ഇരു ടീമുകളും തുല്യത പാലിച്ചതോടെ വീണ്ടും ഇരു വിഭാഗത്തിന്റെ ആരാധകരും മുൾമുനയിലായി.വീർപ്പടക്കിയായിരുന്നു പിന്നെയുള്ള ഓരോ നിമിഷവും.ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയം മെസിക്ക് ഒപ്പമായപ്പോൾ നഗരം വീണ്ടും ആനന്ദ നൃത്തമാടി.

നഗരത്തിൽ മാത്രം മുപ്പതോളം സ്ഥലങ്ങളിലാണ് ബിഗ് സ്‌ക്രീനിൽ മത്സരം പ്രദർശിപ്പിച്ചത്.ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരത്തിലധികം പേരാണ് ഗാലറിയിലെ കസേരകളിലിരുന്ന് കളി കണ്ടത്. സ്റ്റേഡിയത്തിന്റെ ആർപ്പാരവങ്ങൾപ്പോലെ കളിയുടെ ഓരോ മിനിട്ടിലും അവർ ആസ്വദിക്കുകയായിരുന്നു.പേട്ടയിൽ കേരളകൗമുദിയും ലെനിൻ ക്ലബും സംഘടിപ്പിച്ച ബിഗ് സ്‌ക്രീൻ വേദിയിൽ മത്സരം അവസാനിച്ചപ്പോൾ വെടിക്കെട്ടും വാദ്യമേളങ്ങളുമായി ആരാധകർ റോഡിലേക്കിറങ്ങി.നൂറുകണക്കിന് 'മെസി'മാരാണ് പേട്ടയിൽ നിറഞ്ഞാടിയത്.രാജാജി നഗർ,തിരുവല്ലം,പി.എം.ജി ,വഞ്ചിയൂർ തുടങ്ങി 30ലധികം സ്ഥലങ്ങളിലായി ആയിരക്കണക്കിന് പേരാണ് ഇന്നലെ തത്സമയം മത്സരം ആസ്വദിച്ചത്.