vivadavela

"കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതിൽ വലിയ കാര്യമില്ല. ഞാൻ കോഴിക്കോടാണ്, വയനാട്ടിൽ എനിക്കൊരു വീടുണ്ട്. അവിടെ വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്. അവ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ ആ വീടിന്റെ ഉടമസ്ഥനാണെന്നൊന്നും അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങളുണ്ടാകും. നായ മന:പൂർവം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴുമെത്തുന്ന ആളെന്ന നിലയിൽ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാൻ ആ നായയെ തല്ലിപ്പുറത്താക്കാൻ ശ്രമിക്കില്ല"- ചലച്ചിത്ര സംവിധായകനും നിലവിൽ സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്തിന്റെ കുറിപ്പാണിത്.

രാജ്യാന്തരതലത്തിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ള തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപനവേദിയിൽ ചലച്ചിത്ര അക്കാഡമി ചെയർമാനെന്ന നിലയിൽ സ്വാഗതഭാഷണത്തിനെത്തിയ രഞ്ജിത്തിനെ മേള പ്രതിനിധികളിൽ ചിലർ കൂവിയതാണ് പ്രകോപനം. ചലച്ചിത്രമേള എന്നത് വെറും സിനിമ കാണൽ മാത്രമല്ല. പ്രതിഷേധങ്ങളുടെയും പൗരാവകാശ പ്രഖ്യാപനങ്ങളുടെയുമെല്ലാം വേദി കൂടിയാണ്. മേളയുടെ സ്പിരിറ്റ് ഒഫ് സിനിമ പുരസ്കാരം നേടിയ ഇറാനിയൻ ചലച്ചിത്രകാരി മഹനാസ് മുഹമ്മദി, യാത്രാവിലക്ക് ഭയന്ന് ഇവിടേക്കെത്താനാവാതെ ഇറാനിയൻ ഭരണകൂടത്തിന്റെ പൗരാവകാശ ധ്വംസനത്തോടുള്ള പ്രതിഷേധം സ്വന്തം മുടി മുറിച്ച് കൊടുത്തയയ്‌ക്കുക വഴി നിർവഹിച്ചത് ഇതേ ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നല്ലോ. അതേറ്റുവാങ്ങിയ അക്കാഡമി ചെയർമാന്റെ കാപട്യവും നിലപാടിലെ അശ്ലീലവുമാണ് സമാപനച്ചടങ്ങിലെ കൂവലിനോടുള്ള അസഹിഷ്ണുത പുറത്തുവിട്ടുകൊണ്ട് അദ്ദേഹം നിർവഹിച്ചത്.

മേളയിൽ മത്സരവിഭാഗം ചിത്രമായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തതും മമ്മൂട്ടി അഭിനയിച്ചതുമായ നൻപകൽ നേരത്തെ മയക്കം എന്ന സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തത് മുഖ്യവേദിയായിരുന്ന ടാഗോർ തിയേറ്ററിൽ വലിയ പുകിലുണ്ടാക്കിയിരുന്നു. പൊലീസ് മേള നടന്ന തിയേറ്ററിലെത്തി, ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്തത് വ്യാപകപ്രതിഷേധം ക്ഷണിച്ചുവരുത്തി. മേള സിനിമകളുടെ സവിശേഷത കൊണ്ട് സമ്പന്നമായിരുന്നെങ്കിലും സീറ്റ് റിസർവേഷനിലെ പരിമിതികൾ കല്ലുകടിയുണ്ടാക്കി എന്നത് വസ്തുതയാണ്. മുൻകാല മേളകളിൽ രണ്ട് ദിവസം മുമ്പ് വരെ റിസർവേഷന് സൗകര്യമുണ്ടായിരുന്നത് ഇക്കുറി തലേന്ന് മാത്രമാക്കിയതും പോരായ്മയായി. ടെക് സാവികളല്ലാത്ത പലർക്കും ഇഷ്ടപ്പെട്ട സിനിമ കാണാനാവാതെ നിരാശപ്പെടേണ്ടി വന്നു.

ചലച്ചിത്രമേളയുടെ വേദിയിലെത്തി പൊലീസ് ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്യുന്നത് സംഘാടകർ വിലക്കേണ്ടതായിരുന്നു. റിസർവ് ചെയ്തവർക്ക് പോലും നൻപകൽ നേരത്ത് മയക്കം കാണാനുമായില്ല. അടിമുടി ചെയർമാന്റെ ഷോ ആയിരുന്നു ഇത്തവണത്തെ മേളയെന്ന വിമർശനവുമുണ്ടായി. പ്രതിനിധികളുടെ കൂവൽ ഉൾക്കൊള്ളാനുള്ള വിശാലമായ ജനാധിപത്യബോധം ഉൾക്കൊള്ളേണ്ട മാതൃകാവ്യക്തിത്വം ആകണമായിരുന്നു ചലച്ചിത്ര അക്കാഡമി ചെയർമാൻ. നേരത്തേ മേളകളിൽ സംഘാടകർ എത്ര കൂവൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ബീന പോളൊക്കെ എത്രകേട്ടു. അക്കാഡമി അദ്ധ്യക്ഷന്മാരും കേൾക്കേണ്ടി വന്നിട്ടുണ്ട്. അവരൊന്നും പ്രകടിപ്പിക്കാത്തതും രഞ്ജിത്തിൽ നിന്നുണ്ടായതുമായ അസഹിഷ്ണുത മേളയുടെ ആരോഗ്യത്തെ ഹനിക്കുന്നതാണെന്നതിൽ തർക്കമില്ല.

കൂവലുണ്ടായപ്പോൾ വേദിയിൽ വച്ച് ഈ സംവിധായകൻ നടത്തിയ പ്രതികരണവും അദ്ദേഹത്തിന്റെ പല സിനിമകളിലെയുമെന്ന പോലെ മാടമ്പിത്തരത്തിന്റെ പ്രഖ്യാപനമായിരുന്നു. "ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ കുറച്ചുപേർ തയാറായി നിൽക്കുന്നുണ്ടെന്ന് ഒരു മാദ്ധ്യമസുഹൃത്ത് പറഞ്ഞ് അറിഞ്ഞിരുന്നു. വളരെ നല്ല കാര്യമെന്നാണ് ഞാൻ പറഞ്ഞത്. കൂവി തെളിയുകതന്നെ വേണം. ഭാര്യയുമായിട്ടാണ് ഞാനീ ചടങ്ങിന് വന്നത്. നമുക്കത് ഒരുമിച്ചാസ്വദിക്കാമെന്നാണ് ഭാര്യയോട് പറഞ്ഞത്. കൂവൽ ഒന്നും പുത്തരിയല്ല. 1976ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും വിഷയമല്ല. അതിനാരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയേറ്ററുകളിൽ വരും. അപ്പോൾ എത്രപേർ കാണാനുണ്ടാവുമെന്ന് നമുക്ക് കാണാം "- ഇതാണ് രഞ്ജിത്ത് പറഞ്ഞത്.

പ്രതിനിധികളുടെ കൂവലിനെ എതിർക്കാൻ എസ്.എഫ്.ഐയെ കൂട്ടുപിടിച്ചത് എന്തിനാണെന്ന് മനസിലായില്ലെന്ന് മുൻകാല എസ്.എഫ്.ഐക്കാരിൽ പലരും പറയുന്നുണ്ട്. എസ്.എഫ്.ഐയിൽ തുടങ്ങിയതുകൊണ്ട് കൂവൽ വിഷയമാവാതിരിക്കണോ? രസകരമായ വസ്തുത അതല്ല. ഇവിടെ കൂവിയവരിൽ പലരും മുൻകാല എസ്.എഫ്.ഐക്കാർ ഉൾപ്പെടെയുള്ളവരാണ് എന്നതാണ്. സിനിമ പോലുള്ള സാംസ്കാരിക ഇടപെടലുകൾക്ക് അവരൊക്കെ സജീവമാകുന്നത് അവരുടെ ഇതുപോലുള്ള മുൻകാല ആക്ടിവിസത്തിന്റെ കൂടി തുടർച്ചയായിട്ടായിരിക്കുമല്ലോ. അല്ലെങ്കിൽ അതങ്ങനെയായിരിക്കണമല്ലോ.

രഞ്ജിത്തും സിനിമകളും

ഇടതുപക്ഷബോധവും

രഞ്ജിത്ത് സിനിമാ സംവിധായകൻ എന്ന നിലയിൽ പേരെടുത്തിട്ടുള്ളയാളാണ്. ജനപ്രിയ ചേരുവകൾ ചേർത്ത് സാമാന്യജനത്തെ തിയേറ്ററുകളിൽ ഇളക്കിമറിച്ച സിനിമകൾ അദ്ദേഹത്തിന്റേതായി ഉണ്ടായിട്ടുണ്ട്. എന്നാൽ, അത്തരം സിനിമകൾ എടുക്കുമ്പോൾ അദ്ദേഹത്തിൽ ഏതെങ്കിലും തരത്തിലുള്ള പുരോഗമന, ഇടതുപക്ഷബോധം ഉണർന്നിട്ടില്ലെന്ന് പറയേണ്ടിവരും. മറ്റ് ചില വ്യത്യസ്ത പാറ്റേൺ സിനിമകളും എടുത്തിട്ടില്ലെന്നല്ല പറയുന്നത്.

പക്ഷേ, ദേവാസുരം, രാവണപ്രഭു, നന്ദനം തുടങ്ങിയ ഹിറ്റുകളാണല്ലോ രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും മലയാളത്തിൽ അറിയപ്പെടുന്ന പേരാക്കി മാറ്റിയത്. (ദേവാസുരം സിനിമ സംവിധാനം ചെയ്തത് ഐ.വി. ശശിയാണെങ്കിലും രചന രഞ്ജിത്തിന്റേതാണ്.)

സിനിമ എന്ന കല മനുഷ്യമനസിനെ എളുപ്പത്തിലും ആഴത്തിലും സ്വാധീനിക്കാൻ പോന്ന മാദ്ധ്യമമാണ്. ഈ സ്ഥിതിക്ക് രഞ്ജിത്ത് പറയുന്നത് പോലെ അദ്ദേഹത്തിന്റെ മുൻകാല എസ്.എഫ്.ഐ പാരമ്പര്യം അദ്ദേഹത്തിൽ അല്പം ഉയർന്ന ചിന്ത സൃഷ്ടിക്കണമായിരുന്നു. പക്ഷേ എന്താണ് കണ്ടത്.

ആണത്തഘോഷണത്തിന്റെയും സവർണ മാടമ്പിത്തത്തിന്റെയും സവർണ ഹൈന്ദവബോധം പടച്ചുവിടുന്ന വർഗീയ കാമനകളെ പരിലാളിക്കുന്നതുമാണ് രഞ്ജിത്തിന്റെ ഈ ചിത്രങ്ങൾ. നന്ദനം എന്ന സിനിമ സൃഷ്ടിച്ച പ്രതിലോമ സങ്കല്പം നവോത്ഥാനകേരളത്തിന്റെ മൂല്യബോധത്തിന്റെ നിരാസമായിരുന്നു. സിനിമാറ്റിക് ആയ അംശങ്ങൾ ഒഴിച്ചുനിറുത്തിയാൽ ഇതൊന്നും ഇടത്, പുരോഗമന ചിന്തകൾക്കോ കാഴ്ചപ്പാടുകൾക്കോ ചേർന്നതായി കാണാനാവില്ല. ഈ ചലച്ചിത്രകാരന്റെ ഉപബോധ മനസിൽ ഉറഞ്ഞുകിടക്കുന്ന ബോധങ്ങൾ തന്നെയാണ് മേല്പറഞ്ഞ സിനിമകളിലൂടെ പുറത്തുവന്നതെന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാവില്ലെന്ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയിലെ അദ്ദേഹത്തിന്റെ പ്രതികരണവും പിന്നാലെ പുറത്തുവിട്ട ഫേസ്ബുക് കുറിപ്പും വ്യക്തമാക്കുന്നുണ്ട്.

രഞ്ജിത്തും 21ലെ

തിരഞ്ഞെടുപ്പും

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് രഞ്ജിത്തിന്റെ പേര് കേരള രാഷ്ട്രീയമണ്ഡലത്തിൽ ആദ്യമായി ചർച്ച ചെയ്യപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലേക്ക് ഇടതുപക്ഷ സ്ഥാനാർത്ഥിയായി ഇദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നു. എ. പ്രദീപ് കുമാർ മൂന്ന് ടേം പൂർത്തിയാക്കി ഒഴിഞ്ഞ സീറ്റായിരുന്നു.

അന്നാണ് രഞ്ജിത്ത് ആദ്യമായി തന്റെ ഇടത് സ്വത്വബോധം വെളിപ്പെടുത്തിയത്. കൃത്യമായി പറഞ്ഞാൽ അന്ന് തൊട്ടിങ്ങോട്ട് അദ്ദേഹത്തിന് ഒരു സി.പി.എം സഹയാത്രിക പരിവേഷം കൈവന്നു. എന്നാൽ സ്ഥാനാർത്ഥിപ്പട്ടികയിൽ പേരുയർന്ന് വന്നപ്പോൾത്തന്നെ എതിർസ്വരങ്ങളും ഉയർന്നു. അദ്ദേഹത്തിന്റെ നന്ദനം സിനിമയിലെ പ്രതിലോമവാദങ്ങളൊക്കെ ചർച്ചയായി. പിന്നാലെ മനസ് മടുത്തിട്ടെന്നപോലെ അദ്ദേഹം പിന്മാറി. പിന്മാറിയതാണോ പിന്മാറാൻ നിർബന്ധിതമായതാണോ എന്നറിയില്ല.

രണ്ടാം പിണറായി സർക്കാർ അധികാരമേറിയപ്പോൾത്തന്നെ സംസ്ഥാനസർക്കാരിന്റെ സുപ്രധാന പദവിയിലേതിലെങ്കിലും രഞ്ജിത്ത് വരുമെന്ന ശ്രുതി ശക്തമായത് ഈ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ നാടകം കൊണ്ടുകൂടിയാണ്. അതുതന്നെ സംഭവിച്ചു. പക്ഷേ, അതൊരു ശരിയായ തിരഞ്ഞെടുപ്പായിരുന്നോ എന്ന ചോദ്യം ഇത്തവണത്തെ ഐ.എഫ്.എഫ്.കെ വേദിയിലെ സംഭവവികാസങ്ങൾ ഉയർത്തുന്നുണ്ട്.

സംവിധായകൻ കമൽ ആയിരുന്നു ഇതിന് തൊട്ടുമുമ്പ് ഈ കസേരയിൽ. അദ്ദേഹത്തിന്റെ ഇടതുപക്ഷബോധം ഇത്തരം അസഹിഷ്ണുതകളെ തീണ്ടാപ്പാടകലെ നിറുത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പാടേ നിഷേധിക്കുകയല്ല. തിരുത്താൻ അദ്ദേഹത്തിന് മുന്നിൽ ഇനിയും സമയമുണ്ടല്ലോ.