തിരുവനന്തപുരം: അടിയും തിരിച്ചടിയുമായി ഫ്രാൻസും അർജന്റീനയും ഇഞ്ചോടിഞ്ച് മുന്നേറുന്നതിനിടെ പലയിടത്തും ആരാധകരും തമ്മിലടിച്ചു. സംഘർഷം ഒഴിവാക്കാനെത്തിയ പൊലീസുകാർക്കും കിട്ടി തല്ല്. പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതിനുപിന്നാലെ അഹ്ളാദപ്രകടനം അതിരുവിട്ടതോടെയാണ് പലയിടത്തും അടി പൊട്ടിയത്. മദ്യലഹരിയിലായിരുന്നു സംഘർഷങ്ങളേറെയും. ജില്ലയിൽ ഒട്ടുമിക്കയിടത്തും ബിഗ് സ്ക്രീനിൽ കലാശ പോരാട്ടം തത്സമയം കാണാൻ അവസരമൊരുക്കിയിരുന്നു. ജില്ലയിലെ നൂറിലധിം ഇടങ്ങളിൽ ആയിരക്കണക്കിന് പേരാണ് തമ്പടിച്ചത്. ഇതിനിടെ ഓരോ ഗോൾ വീഴുമ്പോഴും വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പലയിടത്തും പൊലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കൈയാങ്കളികൾ സംഘർഷത്തിൽ കലാശിച്ചില്ല. അതേസമയം പൊഴിയൂരിൽ ബിഗ് സ്‌ക്രീൻ സ്ഥാപിച്ച സ്ഥലത്ത് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയവരെ പിടികൂടുന്നതിനിടെ പൊഴിയൂർ എസ്.ഐ സജിക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പൊഴിയൂർ ജംഗ്ഷനിൽ ബിഗ് സ്‌ക്രീൻ സ്ഥാപിച്ചിടത്താണ് രണ്ടുയുവാക്കൾ മദ്യപിച്ചെത്തി പ്രശ്നങ്ങമുണ്ടാക്കിയത്. തുടർന്ന് ഇവരും നാട്ടുകാരുമായി തർക്കമായി. തുടർന്ന് പൊലീസ് എത്തി ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ എസ്.ഐയെ ആക്രമിക്കുകയായിരുന്നു. എസ്.ഐയെ ചവിട്ടിവീഴ്ത്തുകയും കൈയിൽ ചവിട്ടുകയും ചെയ്തു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ എസ്.ഐ ആശുപത്രി ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.സംഭവത്തിൽ പൊഴിയൂർ സ്വദേശിയായ ജസ്റ്റിനെ(32) അറസ്റ്റ് ചെയ്തു.

വാക്കേറ്റത്തിൽ മുമ്പിൽ ജനകീയ മുന്നണി

നേരത്തെ പുറത്തായ ബ്രസീലിന്റെയും പോർച്ചുഗലിന്റെയും ജർമ്മനിയുടെയുമൊക്കെ ആരാധകരാണ് ജനകീയ മുന്നണിയായി വാക്കേറ്റത്തിൽ മുന്നിൽ നിന്നത്. ആദ്യ പകുതിയിൽ നിശബ്ദരായിരുന്നവർ രണ്ടാം പകുതിയുടെ അവസാനം അർജന്റീനയുടെ വലയിൽ ഒരു ഗോൾ വീണതോടെയാണ് ഉണർന്നത്. പിന്നാലെ ആർപ്പുവിളിയും കൂവലുമായി പരസ്പരമുള്ള വാഗ്വാദങ്ങൾ രൂക്ഷമായി. ചിലയിടത്ത് ഇത് കൈയാങ്കളിയിൽ എത്തിയെങ്കിലും പാർട്ടിക്കാരും സംഘടനാ നേതാക്കളും വഷളാകുംമുമ്പ് ഇടപെട്ട് പ്രശ്നം ഒഴിവാക്കുകയായിരുന്നു.

ബിരിയാണി മുതൽ പടക്കം വരെ

അർജന്റീന കപ്പുയർത്തിയ പാടെ പന്തയം വച്ച് മുങ്ങിയവരെത്തേടി നടപ്പായിരുന്നു അർജന്റീനിയൻ ആരാധകരുടെ ജോലി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയവരുടെ വീടുകളിൽ ആരാധകർ ഇരച്ചെത്തി ഇവരെ വിളിച്ചുണർത്തി പടക്കം പൊട്ടിച്ചു. ബിരിയാണിയും കുഴിമന്തിയും ഷവർമ്മയും അടക്കമുള്ള ഭക്ഷണത്തിന് പന്തയം വച്ചവർക്ക് ഇന്നലെ മുതൽ കുശാലായിരുന്നു. ഇതിനിടയിൽ മീശയും താടിയും മുടിയും പോയവരും ചുരുക്കമല്ല.